മധുര തനിഷ്ക് ജ്വല്ലറി മോഷണം; കവർന്ന 20 കിലോയോളം സ്വർണാഭരണങ്ങളിൽ 15 കിലോ വീണ്ടെടുത്ത് പൊലീസ്. പെൺസുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമായിരുന്നു മോഷണമെന്ന് കണ്ടെത്തൽ. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ പെൺസുഹൃത്തും പ്രതിയുടെ പിതാവും അറസ്റ്റിൽ. 25കാരനായ മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുന്നു

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷണം പോയ സ്വർണത്തിൽ 15 കിലോ പൊലീസ് വീണ്ടെടുത്തു. പെൺസുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമാണ് മുഖ്യപ്രതി മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പെൺസുഹൃത്തും പ്രതിയുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയായ 25കാരൻ നിഷാന്തിനായി തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെയാണ് മധുരയിലെ തനിഷ്ക് ജ്വല്ലറിയുടെ പുതിയ ഷോറൂമിൽ നിന്ന് 20 കിലോയോളം വരുന്ന സ്വർണ-വജ്രാഭരണങ്ങൾ കവർന്നത്. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കൈയിലെ ടാറ്റൂവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുര സ്വദേശിയായ നിഷാന്താണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
മോഷണത്തിന് നിഷാന്ത് ഉപയോഗിച്ചത് പെൺസുഹൃത്തും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ മീനാക്ഷി നാച്ചിയാരുടെ ഇരുചക്രവാഹനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് മീനാക്ഷിയെയും നിഷാന്തിന്റെ പിതാവ് സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്ത് മധുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടിച്ച സ്വർണത്തിൽ 15 കിലോ കണ്ടെടുത്തത്. മടക്കുളം വനമേഖലയോട് ചേർന്ന വയലിൽ നിന്നും മയിലാടുംപാറയിൽ കുഴിച്ചിട്ട നിലയിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. ബാക്കി ആഭരണങ്ങൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്.




