Skip to content
November 16, 2026
⌕

നയമൊക്കെ നയം, കാര്യം നടക്കണമെങ്കില്‍ ഇസ്രായേല്‍ വേണം

November 16, 2026
Share this post to

ഇസ്രയേലില്‍നിന്ന് സൈനിക, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങില്ലെന്ന അയര്‍ലണ്ട് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കാറ്റില്‍പ്പറത്തി, ഡബ്ലിനില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ ആശ്രയിച്ചത് ഇസ്രയേല്‍ നിര്‍മിത അത്യാധുനിക ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളെ. ഗാസയിലെ ഇസ്രയേല്‍ നടപടികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന അയര്‍ലണ്ട്, സ്വന്തം മണ്ണിലെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സുരക്ഷയ്ക്ക് ഇസ്രയേലി സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടിവന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ടെല്‍ അവീവ് ആസ്ഥാനമായ സെന്‍ട്രിക്സ് എന്ന കമ്പനി നിര്‍മിച്ച ഉപകരണങ്ങള്‍ അമേരിക്കന്‍ സപ്ലയര്‍ വഴിയാണ് ഗാര്‍ഡ ഇവ വാങ്ങിയത്.പൂര്‍ണമായും ഇസ്രയേലില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചവയാണ് ഈ ഉപകരണങ്ങള്‍.

ഡ്രോണുകള്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നത് തടയാന്‍ ശേഷിയുള്ള ജാമറുകളാണ് ഇവ. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ജൂലൈയില്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി കോളജില്‍ നടന്ന പരിപാടികളിലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു.

ഗാര്‍ഡയുടെ സ്പെഷ്യല്‍ ടാക്റ്റിക്സ് ഓപ്പറേഷന്‍സ് കമാന്റിന്റെ നിയന്ത്രണത്തിലാണ് സംവിധാനം പ്രവര്‍ത്തിപ്പിച്ചത്. റീജിയണല്‍ ആംഡ് സപ്പോര്‍ട്ട് യൂണിറ്റും (എ എസ് യു) ദേശീയ എമര്‍ജന്‍സി റെസ്പോണ്‍സ് യൂണിറ്റും (ഇ ആര്‍ യു) ഉള്‍പ്പെട്ട വിഭാഗമാണിത്. ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആംഡ് സപ്പോര്‍ട്ട് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

കൈയില്‍ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളും ഗാര്‍ഡ ഉപയോഗിക്കുന്നുണ്ട്.ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലാത്വിയ എന്നീ രാജ്യങ്ങളിലെ പോലീസും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പി.എസ്.എന്‍.ഐയും ഡ്രോണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.

ഇത്തരത്തിലുള്ള അത്യാധുനിക സുരക്ഷാ ഉപകരണങ്ങളില്‍ ഇസ്രയേലിന്റെ പങ്കാളിത്തമില്ലാത്തവ കണ്ടെത്തുക പ്രയാസമാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നായി അമേരിക്കന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്ത ഉപകരണമാണിവയെന്നും പറയപ്പെടുന്നു.ബ്രിട്ടനിലെ വിദഗ്ധരും സമാനമായ ഉപദേശം നല്‍കിയിരുന്നു.

സെന്‍ട്രിക്സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മുന്‍ ഇസ്രയേല്‍ പ്രതിരോധ സേനാംഗങ്ങളുമുണ്ട്. കമ്പനിയുടെ സി ഇ ഒ താല്‍ കോഹന്‍ 2016 മുതല്‍ 2020 വരെ ഇസ്രയേല്‍ വ്യോമസേനയില്‍ ഉല്‍പന്ന വികസന, ഗവേഷണ വിഭാഗം മേധാവിയായിരുന്നു.

2025ല്‍ അമേരിക്കന്‍ കമ്പനിയായ ഓണ്ടസ് സെന്‍ട്രിക്സിനെ ഏറ്റെടുത്തു. ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്ടസ് പ്രതിരോധം, ആഭ്യന്തര സുരക്ഷ, പൊതുസുരക്ഷ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ നിലപാടിലെ വൈരുധ്യം

2024 ഓഗസ്റ്റില്‍ അന്നത്തെ ഉപപ്രധാനമന്ത്രിയും പ്രതിരോധ-വിദേശകാര്യ മന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍, ഇസ്രയേലില്‍ നിര്‍മിച്ച ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ അയര്‍ലണ്ട് വാങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഗാസയിലെ വംശഹത്യ അടക്കമുള്ള സംഭവവികാസങ്ങളുടെയും ഇസ്രയേലുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഈ പ്രഖ്യാപനം.

പശ്ചിമേഷ്യയിലെ ഇസ്രയേല്‍ അധിനിവേശ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിരീക്ഷണവും ഗാസയിലെ ഇസ്രയേല്‍ നടപടികളെക്കുറിച്ചുള്ള കോടതിയുടെ നിലപാടും കണക്കിലെടുത്താണ് തീരുമാനമെന്ന് മാര്‍ട്ടിന്‍ വിശദീകരിച്ചിരുന്നു.

ഇസ്രയേല്‍ കമ്പനിയുടെ സെന്‍സറുകളുണ്ടെന്ന ഒറ്റ കാരണത്താല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 53 മില്യണ്‍ യൂറോയുടെ പുതിയ ഡസോ ഫാല്‍ക്കണ്‍ 6എക്സ് വിമാനം വാങ്ങേണ്ടണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതും വാര്‍ത്തയായിരുന്നു.

പുതിയ ഡ്രോണ്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിനെക്കുറിച്ച് ഗാര്‍ഡ വക്താവ് പ്രതികരിച്ചില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ വാങ്ങലോ ചെലവുകളോ സംബന്ധിച്ച് അഭിപ്രായം പറയാനാകില്ലെന്ന് വക്താവ് അറിയിച്ചു. ജസ്റ്റീസ് വകുപ്പോ സെന്‍ട്രിക്സോ ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.

ഹെലികോപ്റ്ററുകളിലും ഇസ്രയേല്‍ ടച്ച്

യു കെ എയര്‍ബസ് ഹെലികോപ്റ്റേഴ്സ് അയര്‍ലണ്ട് വ്യോമസേനയ്ക്കായി നിര്‍മിക്കുന്ന നാല് പുതിയ ഹെലികോപ്റ്ററുകളിലും ഇസ്രയേല്‍ നിര്‍മിത സാങ്കേതികവിദ്യയുണ്ടെന്ന റിപ്പോര്‍ട്ടും നേരത്തേ പുറത്തുവന്നിരുന്നു.

എയര്‍ബസും ഇസ്രയേല്‍ കമ്പനിയായ എല്‍ബിറ്റും ചേര്‍ന്ന് നിര്‍മിക്കുന്ന ഹെലിയോണിക്സ് ഫ്ളൈറ്റ് സംവിധാനമാണ് ഹെലികോപ്റ്ററുകളില്‍ ഉപയോഗിക്കുന്നത്. കോക്ക്പിറ്റിലെ നിര്‍ണായക ഘടകമാണിത്.

Get more updates from Pudukad News on Google