Skip to content
November 17, 2026
⌕

തീർത്ഥാടന നഗരിയായ എരുമേലിയെ ലഹരി മാഫിയയുടെ കേന്ദ്രമാക്കി മാറ്റാൻ ശ്രമം. പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ഉത്തേജക മരുന്നുകൾ പോലീസ് പിടികൂടി. കഴിഞ്ഞ മാസമാണ് 36 കഞ്ചാവ് പിടികൂടിയത്. വൻതോതിൽ ആളുകൾ എത്തുന്ന സാഹചര്യം മുതലെടുത്ത് എരുമേലിയെ ഒരു ലഹരി ഹബ്ബാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പോലീസും എക്സൈസും നിരീക്ഷണം ശക്തമാക്കി

November 17, 2026
Share this post to

എരുമേലി: തീർത്ഥാടന നഗരിയായ എരുമേലിയെ ലഹരി മാഫിയയുടെ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി സംശയം. സ്വകാര്യ കൊറിയർ സ്ഥാപനം വഴി പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ഉത്തേജക മരുന്നുകൾ പോലീസ് പിടികൂടി. ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഇൻജക്ഷൻ മരുന്നിന്റെ 300 ആംപ്യൂളുകളാണ് എരുമേലി പോലീസും ഡാൻസാഫ് ടീമും സംയുക്തമായി പിടികൂടിയത്.

 രക്തസമ്മർദ്ദം താഴുന്ന രോഗികൾക്ക് ഡോക്ടറുടെ കർശന നിർദ്ദേശപ്രകാരം മാത്രം നൽകുന്ന മരുന്നാണിത്. സാധാരണയായി ഒരു മില്ലിഗ്രാം അളവിലാണ് ഇത് നൽകുന്നത്.


എന്നാൽ, 10 മില്ലിഗ്രാം വീതമുള്ള 300 ആംപ്യൂളുകൾ ഒരുമിച്ച് പാഴ്സലായി എത്തിയതോടെ കൊറിയർ ഏജൻസി ഉടമയ്ക്ക് സംശയം തോന്നുകയും ഉടൻ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.


 പാഴ്സൽ വാങ്ങാൻ എത്തുന്നയാളെ കയ്യോടെ പിടികൂടാൻ പോലീസ് കെണിയൊരുക്കി കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. കവറിലുണ്ടായിരുന്ന മേൽവിലാസത്തിലും ഫോൺ നമ്പറിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പോലീസ് പാഴ്സൽ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.

 പാഴ്സൽ കവറിൽ രേഖപ്പെടുത്തിയിരുന്ന മൊബൈൽ നമ്പർ, മുൻപ് സമാനമായ രീതിയിൽ 600 ആംപ്യൂളുകൾ പിടികൂടിയ കേസിലും ഉൾപ്പെട്ടിട്ടുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് മേഖലയിൽ പ്രവർത്തിക്കുന്ന വൻ ലഹരി ശൃംഖലയിലേക്കാണ് വിരൽ ചൂണ്ടുന്നത്.


പിടികൂടിയ മരുന്നിന് ഒരു ലക്ഷം രൂപയാണ് യഥാർത്ഥ വിലയെങ്കിലും ലഹരി വിപണിയിൽ ഇതിന് 1.80 ലക്ഷം രൂപയോളം വിലമതിക്കും. 10 മില്ലിഗ്രാം വീതമുള്ള ഒരു ആംപ്യൂൾ മരുന്ന്, ഒരു മില്ലിഗ്രാം വീതം പത്ത് പേർക്കാണ് ലഹരിക്കായി വിൽക്കുന്നത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് പത്ത് പേർ ഇത് കുത്തിവെക്കുന്ന അപകടകരമായ പ്രവണതയും നിലനിൽക്കുന്നതായി പോലീസ് വ്യക്തമാക്കി.


കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും എരുമേലി പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി കേസ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് വിഭാഗത്തിന് കൈമാറും.

കഴിഞ്ഞ മാസം അവസാനം തീർത്ഥാടന കാലം ലക്ഷ്യമിട്ട് എരുമേലിയിലേക്ക് വ്യാപകമായി കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു.
ബംഗളൂരുവില്‍ നിന്നെത്തിയ അന്തര്‍ സംസ്ഥാന സ്ലീപ്പര്‍ ബസില്‍ നാല് സ്യൂട്ട്‌കേസുകളിലായി കടത്താന്‍ ശ്രമിച്ച 36 കിലോയോളം കഞ്ചാവുമായാണ്  യുവാക്കള്‍ പിടിയിലായത്. 

തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ വൻതോതിൽ ആളുകൾ എത്തുന്ന സാഹചര്യം മുതലെടുത്ത് എരുമേലിയെ ഒരു ലഹരി ഹബ്ബാക്കി മാറ്റാനുള്ള മാഫിയയുടെ നീക്കത്തിനെതിരെ പോലീസും എക്സൈസും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Get more updates from Pudukad News on Google