Skip to content
November 19, 2026
⌕

ഹൈടെക്കായ ക്രിമിനലുകളെ പൂട്ടാൻ എ.ഐയുമായി പോലീസ്. കുറ്റകൃത്യങ്ങൾ കണ്ടെത്താനും കേസന്വേഷണത്തിലും എ.ഐ ഉപയോഗിക്കാൻ പോലീസിന് അനുമതി. പുതുതായി സേനയിലെത്തിയ 89 സബ് ഇൻസ്പെക്ടർമാർക്കും എ.ഐ പരിശീലനം. മനുഷ്യൻ കാണാത്തത് എ.ഐ കണ്ടെത്തുന്നതോടെ കേസന്വേഷണം കൂടുതൽ ശാസ്ത്രീയമാവും. സൈബർ, ഹെടെക്ക് തട്ടിപ്പുകളുമായി കളംനിറയുന്ന ക്രിമിനലുകളെ പൂട്ടാൻ എ.ഐയ്ക്ക് പച്ചക്കൊടി കാട്ടിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളാ പോലീസ് ഇനി വേറെ ലെവൽ

November 17, 2026
Share this post to

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഹൈടെക്ക് പോലീസായി കേരളാ പോലീസ് മാറുകയാണ്. പുതിയതായി സേനയിലെത്തുന്നവർക്ക് അന്വേഷണത്തിലും കുറ്റകൃത്യങ്ങളുടെ വിശകലനത്തിനും കുറ്റകൃത്യങ്ങൾ കണ്ടെത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിക്കാനുള്ള പരിശീലനം നൽകുന്നു. 

ഇന്ന് പോലീസ് അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡിൽ സേനയുടെ ഭാഗമായ 89 സബ് ഇൻസ്പെക്ടർമാർക്കും എ.ഐ പരിശീലനം നൽകിയിട്ടുണ്ട്. എ.ഐ പരിശീലനത്തിന് പുറമെ സൈബർ കുറ്റകൃത്യങ്ങൾ, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, ദുരന്തനിവാരണം, ട്രോമാ കെയർ, തീരദേശ സുരക്ഷ, ക്വിക്ക് റെസ്‌പോൺസ് ടീം പ്രവർത്തനം, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം എന്നിവയിലും വിദഗ്ധ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ ഏറ്റവും പ്രൊഫഷണൽ വൈദഗ്ദ്ധ്യമുള്ള സേനയായി കേരളാ പോലീസ് മാറുകയാണ്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ താൽപര്യപ്രകാരമാണ് പോലീസിന് ഡിജിറ്റൽ, എ.ഐ എന്നിവയിലടക്കം പരിശീലനം നൽകുന്നത്. മാറുന്ന കാലഘട്ടത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറുകയാണ്. കുറ്റവാളികൾ പോലീസിനേക്കാൾ വളരെ ബുദ്ധിയോടെയാണ് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.


മാത്രമല്ല, ടെക്നോളജിയിലും പോലീസിനേക്കാൾ ബഹുദൂരം മുന്നിലാണ് കുറ്റവാളികൾ. സൈബർ കുറ്റകൃത്യങ്ങളും അക്കൗണ്ടിലെ പണം കാലിയാക്കുന്ന കുറ്റകൃത്യങ്ങളുമെല്ലാം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസിന് എ.ഐ അടക്കം അത്യാധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നത്.


പോലീസിൽ മാത്രമല്ല, ആഭ്യന്തര മന്ത്രിയുടെ ഓഫീസും എ.ഐ അധിഷ്‍ഠിത സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. പരാതികളിൽ പോലീസ് നടപടിയെടുക്കാതിരിക്കുകയോ അന്വേഷണത്തിൽ ഉഴപ്പുകയോ ചെയ്താൽ ആഭ്യന്തര മന്ത്രിക്ക് അക്കാര്യം സെക്രട്ടേറിയറ്റിലെ ഓഫീസിലിരുന്ന് അറിയാനാവും. എച്ച്എം ആക്ട്, ഹോംസ് പോർട്ടലുകൾ വഴിയാണ് ഇത് സാദ്ധ്യമാക്കിയത്. 

ജനങ്ങളിൽ നിന്ന് ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികൾ അതത് സ്റ്റേഷനുകൾക്ക് കൈമാറാനും തുടർനടപടികൾ ഉറപ്പാക്കാനുമാണ് എച്ച്.എം ആക്ട്സ്.


പ്രധാന കുറ്റകൃത്യങ്ങളുടെ വിവരങ്ങളും കണക്കുകളുമെല്ലാം ആഭ്യന്തരമന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്നതാണ് ഹോംസ് പോർട്ടൽ. ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളെല്ലാം ഇനി എച്ച്എം ആക്ട്സ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യും. ഈ പരാതികൾ പോലീസിൻറെ സോഫ്റ്റ്‍വെയറായ ഐകോപ്സ് വഴി  സ്റ്റേഷനിലേക്ക് കൈമാറും. പരാതിയുടെ സ്വഭാവം അനുസരിച്ച് നിർദേശം നൽകും. 


പരാതിയിൽ തീർപ്പുണ്ടാകുന്നത് വരെ നടപടിക്രമങ്ങൾ പരിശോധിക്കാൻ പോർട്ടലിലൂടെ പരാതിക്കാർക്കും അറിയാം. പുരോഗതി അറിയാൻ ഫോൺവിളിക്കുകയോ കത്തയയ്ക്കുകയോ വേണ്ട. പരാതി തീർപ്പാക്കിയാൽ അക്കാര്യം എസ്.എം.എസ് വഴി പരാതിക്കാരെ അറിയിക്കും. ആഭ്യന്തരമന്ത്രിയുടെ ഓഫിസും സ്റ്റേഷനുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.


ആഭ്യന്തരമന്ത്രിക്ക് പൊലീസിൻറെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഹോംസ് . ഹോം ഡിപ്പാർട്ട്മെന്റ് ഓപ്പറേഷൻസ്, മോണിട്ടറിംഗ് ആൻഡ് ഇ-സർവീസസ് എന്നാണ് പൂർണമായ പേര്. 


കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിരീക്ഷണ ഡാഷ് ബോർഡ് ഇതിലുണ്ട്. സംസ്ഥാനത്ത് ഓരോ ദിവസവും രജിസ്റ്റർ ചെയ്യുന്ന എഫ്ഐആറുകളെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് വിരൽത്തുമ്പിൽ വിവരം ലഭിക്കും. സ്റ്റേഷനുകളിൽനിന്ന് വിവരങ്ങൾ പ്രത്യേകം ശേഖരിക്കേണ്ടി വരില്ല. കുറ്റകൃത്യങ്ങളുടെ പൊതുകണക്കും പോർട്ടലിലൂടെ ലഭ്യമാകും.


കുട്ടികളെ കാണാതാകുന്നത് പോലെയുള്ള അടിയന്തര ശ്രദ്ധ ആവശ്യമായ കേസുകളുണ്ടായാൽ പ്രത്യേക അറിയിപ്പ് വരും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും വ്യക്തിഗതവിവരങ്ങളും പുറത്തുപോകില്ലെന്നതും ഇതിന്റെ സവിശേഷതയാണ്.


ഇന്ന് പോലീസിന്റെ ഭാഗമായ പുതിയ 89 എസ്.ഐമാരുടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയും പോലീസിന്റെ ഭാവിയിലേക്കുള്ള ദിശാസൂചകമാണ്.  75 പുരുഷന്മാരും 14 വനിതകളും ഉൾപ്പെടുന്ന പുതിയ ബാച്ചിൽ 36 പേർ വിവാഹിതരാണ്.

46 പേർ ബിരുദധാരികളും 17 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. ഒരാൾ എം.ബി.എയും 23 പേർ ബി.ഇ/ബി.ടെക്കും രണ്ട് പേർ എം.ടെക്കും നേടിയവരാണ്. പോലീസിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഘട്ടംഘട്ടമായി 30 ശതമാനമായി ഉയർത്താനുള്ള ചരിത്രപരമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് എ.ഐ അടക്കം കുറ്റാന്വേഷണത്തിന് ഉപയോഗിക്കാനുള്ള തീരുമാനം.

Get more updates from Pudukad News on Google