Skip to content
November 19, 2026
⌕

ഫേസ്ബുക്ക് കുറിപ്പിലൂടെ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എസ്.ബി. രാജു. പകരം വി. പൊന്നുകുട്ടൻ പുതിയ പ്രസിഡന്റായേക്കും. ഒരു വർഷത്തിനിടെ ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നത് മൂന്നാമത്തെ അധ്യക്ഷൻ. ജനസേവനത്തിനുള്ള ഉത്തരവാദിത്തമായി കണ്ടാണ് പ്രവർത്തിച്ചതെന്ന് എസ്.ബി. രാജു

November 17, 2026
Share this post to

പാലക്കാട്: ഫേസ്ബുക്ക് കുറിപ്പിലൂടെ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ എസ്.ബി. രാജു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഇന്ന് ഒഴിവാകുകയാണെന്നും, അതിനാൽ പ്രസിഡന്റ് എന്ന ചുമതലയിൽ ഏറ്റിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്തമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവിൽ പ്രവർത്തിക്കാൻ ശ്രമിച്ചതെന്ന് എസ്.ബി. രാജു കുറിച്ചു.

കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. 

പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ പാർട്ടിക്കും മുന്നണിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാധ്യമ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

പ്രസിഡന്റ് പദവിയിൽ നിന്ന് മാത്രമാണ് പടിയിറങ്ങുന്നതെന്നും, ജനങ്ങൾക്കിടയിലും അവരുടെ പ്രശ്നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉത്തരവാദിത്തത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാകുമെന്നും രാജു ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

എസ്.ബി. രാജുവിന് പകരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പല്ലശന ഡിവിഷൻ അംഗവുമായ വി. പൊന്നുകുട്ടൻ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമെന്നാണ് വിവരം. ഒരു വർഷത്തിനിടെ ഇത് മൂന്നാമത്തെ ആളാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

നേരത്തെ ടി.എം. ശശിയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അദ്ദേഹം ആലത്തൂർ എം.എൽ.എ ആയതിനെ തുടർന്നാണ് എസ്.ബി. രാജു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. പല്ലശന ഡിവിഷനിൽ നടന്ന കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് വി. പൊന്നുകുട്ടൻ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

Get more updates from Pudukad News on Google