Skip to content
November 19, 2026
⌕

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള അപ്പീൽ തള്ളി; ആർബിഐയുടെ നടപടി നിലനിൽക്കും

November 17, 2026
Share this post to

തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ്. എന്നിവരടങ്ങിയ ബെഞ്ചാണ് ബാങ്ക് മുൻ പ്രസിഡന്റ് എം.പി. ജാക്സണും റിസർവ് ബാങ്കും നൽകിയ റിട്ട് അപ്പീലുകൾ തള്ളിയത്.ബാങ്കിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നു റിസർവ് ബാങ്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പിന്നീട് ബാങ്കിങ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു.

സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം.

രജിസ്ട്രാറുമായി കൂടിയാലോചിച്ചത് സർക്കാരുമായി കൂടിയാലോചിച്ചതിന് തുല്യമാണെന്നായിരുന്നു റിസർവ് ബാങ്കിന്റെ നിലപാട്.

എന്നാൽ, കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്ട്രാർ സർക്കാർ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും രജിസ്ട്രാറുടെ അധികാരങ്ങളെ സർക്കാരിന്റെ അധികാരങ്ങളുമായി തുല്യമായി കാണാനാകില്ലെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.സഹകരണ നിയമപ്രകാരമുള്ള നടപടികളിൽ കൂടിയാലോചന സർക്കാരുമായി തന്നെ വേണമെന്നും രജിസ്ട്രാറുമായുള്ള കൂടിയാലോചന മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റിട്ട് മാസങ്ങളായെന്നും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ ആ ഉത്തരവ് റദ്ദാക്കുന്നത് പൊതുതാൽപര്യത്തിനും നിക്ഷേപകരുടെ താൽപര്യത്തിനും എതിരാകുമെന്നതിനാൽ സിംഗിൾ ജഡ്ജിയുടെ വിധിയിൽ ഇടപെടാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

അഡ്മിനിസ്ട്രേറ്ററുടെ കാലാവധി 2026 ഒക്ടോബർ 6-ന് അവസാനിച്ച സാഹചര്യത്തിൽ സർക്കാരുമായുള്ള കൂടിയാലോചന പൂർത്തിയാകുന്നത് വരെ ഭരണപരമായ ശൂന്യത ഒഴിവാക്കാൻ വിധി തീയതി മുതൽ ഒരു മാസത്തേക്ക് സ്ഥിതിഗതികൾ അതേപടി തുടരാൻ കോടതി ഉത്തരവിട്ടു

Get more updates from Pudukad News on Google