സംഘ്പരിവാറിൻ്റെ ചാത്തൻ മാസ്റ്റർ പ്രേമത്തെ പരിഹസിച്ച് സിപിഐ; കുട്ടംകുളം സമരനേതാക്കളുടെ വീട്ടിൽ കയറിയിറങ്ങുന്ന ആർഎസ്സിൻ്റേത് രാഷ്ട്രീയ അജണ്ട മാത്രമെന്നും വരുന്ന നിയമസഭ സമ്മേളനത്തിൽ ക

ഇരിങ്ങാലക്കുട : പി കെ ചാത്തൻ മാസ്റ്റർ വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ സംഘ്പരിവാർ പ്രദർശിപ്പിക്കുന്ന ചാത്തൻ മാസ്റ്റർ പ്രേമത്തെ പരിഹസിച്ച് സിപിഐ. ദേശീയസമരത്തിലും നവോത്ഥാനസമരങ്ങളിലും യാതൊരു പങ്കും അവകാശപ്പെടാനില്ലാത്ത ആർഎസ്എസിൻ്റെയും ബിജെപി യുടെയും ചാത്തൻ മാസ്റ്റർ പ്രേമത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് കുട്ടംകുളം സമര സ്മാരകം സമരഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര സ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്ത് മുൻമന്ത്രിയും സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ രാജൻ എംഎൽഎ പറഞ്ഞു. സവർണ്ണ ജന്മിത്വത്തിനും ഫ്യൂഡൽ ആചാരങ്ങൾക്കുമെതിരെ ചാത്തൻ മാസ്റ്റർ മുന്നോട്ട് വച്ച രാഷ്ട്രീയവും പോരാട്ടങ്ങളും ശരിയാണെന്നാണോ ആർഎസ്എസ് പറയുന്നത് . കുട്ടംകുളം സമരത്തെക്കുറിച്ചോ സമര നേതാക്കളെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത ആർഎസ്എസ് നേതാക്കൾ ഇപ്പോൾ ചാത്തൻ മാസ്റ്ററുടെയും കെ വി ഉണ്ണിയുടെയും വീടുകൾ കയറി ഇറങ്ങുകയാണെന്ന് മുൻ മന്ത്രി പരിഹസിച്ചു. ചാത്തൻ മാസ്റ്റർക്ക് എത്ര സ്മാരകങ്ങൾ ഉണ്ടെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. ചാത്തൻ മാസ്റ്റർ മുന്നോട്ട് വച്ച രാഷ്ട്രീയം തുടരുക എന്ന ദൗത്യത്തിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രാധാന്യം നൽകുന്നത്. ചാത്തൻ മാസ്റ്റർ സ്മാരകം സമരഭൂമിയിൽ തന്നെ വേണമെന്ന ആവശ്യം നവംബർ 30 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും കെ രാജൻ എംഎൽഎ അറിയിച്ചു. അയ്യങ്കാളി സ്ക്വയറിൽ നടന്ന യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ ജി ശിവാനന്ദൻ , സംസ്ഥാന കൗൺസിൽ അംഗം ടി കെ സുധീഷ്, മണ്ഡലം സെക്രട്ടറി എൻ കെ ഉദയ പ്രകാശ്, അസി സെക്രട്ടറി അഡ്വ പി ജെ ജോബി തുടങ്ങിയവർ സംസാരിച്ചു



