അളഗപ്പനഗർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ വാട്ടർ അതോറിറ്റിക്ക് പരാതി നൽകി

അളഗപ്പനഗർ:
അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നേരിടുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ എൽ.ഡി.എഫ്. അംഗങ്ങൾ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.
വാർഡുകളിൽ ആഴ്ചയിൽ പല ദിവസങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിവിധ കാരണങ്ങളാൽ പൈപ്പ്ലൈൻ വഴിയുള്ള ജലവിതരണം കഴിഞ്ഞ ദിവസങ്ങളിലായി പൂർണ്ണമായും തകരാറിലാണ്. മോട്ടോർ പമ്പ് സെറ്റ് കേടാകുന്നതും പൈപ്പ് പൊട്ടുന്നതും നിത്യസംഭവമായതോടെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പമ്പിങ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കിയും കേടായ മോട്ടോർ നന്നാക്കിയോ പകരം സംവിധാനം ഏർപ്പെടുത്തിയോ എത്രയും വേഗം ജലവിതരണം സുഗമമാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയർക്ക് സ്ഥാനക്കയറ്റം ലഭിച്ചു പോയതിനുശേഷം പകരം സ്ഥിരം നിയമനം നടത്താത്തതിനാൽ അഡീഷണൽ ചാർജിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നാട്ടിൽ രൂക്ഷമായ കുടിവെള്ളപ്രശ്നം നിലനിൽക്കുമ്പോഴും ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം, മോട്ടോർ സ്ഥാപിക്കലും പൈപ്പ്ലൈൻ അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കി കുടിവെള്ള വിതരണം സാധാരണ നിലയിലാക്കാമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഇൻചാർജ് ഉറപ്പുനൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. വിജീഷ് കുമാർ, സജ്ന ഷിബു, ഉഷ ദേവി, വി.കെ. വിനീഷ്, സാഹിത്യ മുരളി, സുമ ഉണ്ണികൃഷ്ണൻ, എം.എൻ. രാഗേഷ് എന്നിവർ നിവേദക സംഘത്തിൽ പങ്കെടുത്തു.


