ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് നിരോധനം. രോഗപ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്ന് മാസത്തേക്ക് പക്ഷിവളർത്തലിനും വിലക്ക്. മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം.
രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി, കാഷ്ഠം, മറ്റ് ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും ജില്ലാ കളക്ടർ നിരോധിച്ചു.
ചൊവ്വാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികളും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാകുന്നത് വരെയാണ് ഈ നിയന്ത്രണം.
കൂടാതെ, രോഗപ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ പൂർത്തിയായാൽ മൂന്ന് മാസത്തേക്ക് പക്ഷിവളർത്തലിനും നിരോധനമുണ്ടാകും.
ആലപ്പുഴ നഗരസഭയിലെ 13 വാർഡുകളും ഹരിപ്പാട്, മാവേലിക്കര നഗരസഭകളും നിരോധന പരിധിയിൽ ഉൾപ്പെടുന്നു. ആലപ്പുഴ നഗരസഭയിലെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിംഗ് കോളനി, കൈതവന, സനാതനപുരം, കളർകോട് വാർഡുകളിലാണ് നിയന്ത്രണമുള്ളത്.
ഇതിന് പുറമെ അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂർ, പത്തിയൂർ, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി,
വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂർ, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ എന്നീ ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് ഗ്രാമപഞ്ചായത്തുകളിലും നിരോധനം ബാധകമാണ്.
പൊതുജനങ്ങളും വ്യാപാരികളും പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
അതേസമയം, പക്ഷിപ്പനി മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. രോഗബാധിത പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത പൊതുവെ കുറവാണെങ്കിലും, രോഗബാധയുണ്ടായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാം.
പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ, കഫത്തിൽ രക്തം കാണപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിത പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കത്തിൽ വന്നവർക്ക് ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം.
ചത്ത പക്ഷികളെ കൈകൊണ്ട് തൊടരുതെന്നും, നിയന്ത്രണങ്ങളില്ലാത്ത പ്രദേശങ്ങളിൽ പോലും മാംസവും മുട്ടയും നന്നായി വേവിച്ചുമാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
പക്ഷികളെ കൊന്നുനശിപ്പിക്കുന്ന കള്ളിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും നിർബന്ധമായും പി.പി.ഇ കിറ്റ്, എൻ-95 മാസ്ക്, കൈയുറകൾ, ഫെയ്സ് ഷീൽഡ്, ബൂട്ട് എന്നിവ ധരിക്കുകയും ഉപയോഗശേഷം സുരക്ഷിതമായി സംസ്കരിക്കുകയും വേണം.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇവർ ഏഴ് ദിവസത്തേക്ക് പ്രതിരോധ മരുന്നായ ഒസെൽറ്റമിവിർ (Oseltamivir) കഴിക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ തുടർനിരീക്ഷണത്തിൽ തുടരണമെന്നും അധികൃതർ വ്യക്തമാക്കി.




