അടിയന്തര സദ്യയ്ക്കിടെ ബീഫ് ആവശ്യപ്പെട്ട് ബഹളം; ഭക്ഷണം വിളമ്പിയ വയോധികനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു | Cherthala assault case

ചേർത്തല: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ വയോധികനെ മർദിച്ച് പല്ലുകൾ ഇളക്കിത്തെറിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി (Cherthala assault case). നിരവധി മോഷണക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് ഉന്നതിയിൽ ശ്യാംകുമാർ (41) എന്ന ചക്രൻ ശ്യാമിനെയാണ് തൃശൂരിൽനിന്ന് പിടികൂടിയത്. ഓഗസ്റ്റ് 22നായിരുന്നു കേസിനാസ്പദമായ സംഭവം.
ചക്കനാട്ട് ഉന്നതിയിൽ ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തരത്തോടനുബന്ധിച്ചുള്ള സദ്യയ്ക്കിടെയായിരുന്നു ആക്രമണം. ഭക്ഷണം വിളമ്പുന്നതിനിടെ ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ പ്രതി ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം വിളമ്പിയ വയോധികനെ മർദിച്ചു. ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.
സംഭവത്തിനുശേഷം നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ തൃശൂരിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചേർത്തല ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ചേർത്തല സബ് ഇൻസ്പെക്ടർമാരായ ബജിത്ത്, സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് തൃശൂരിലെത്തി അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary:
Police arrested 41-year-old Shyam Kumar, also known as Chakran Shyam, in Thrissur for allegedly assaulting an elderly man during a post-death ceremony feast in Cherthala. The attack reportedly followed an argument over the absence of beef on the menu. The accused has been remanded in judicial custody.




