Skip to content
November 19, 2026
⌕

രോഗചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകണം: മന്ത്രി കെ. മുരളീധരൻ

November 19, 2026
Share this post to

തിരുവനന്തപുരം: മരുന്നുകളെ മാത്രം ആശ്രയിക്കുന്ന ചികിത്സാരീതിയിൽ നിന്ന് മാറി ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമീപനമാണ് ആരോഗ്യരംഗം ഇന്ന് മുന്നോട്ടുവയ്ക്കുന്നതെന്ന് ആരോഗ്യം-ആയുഷ്-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. രോഗചികിത്സയ്ക്കൊപ്പം രോഗപ്രതിരോധവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരള, ഭാരതീയ ചികിത്സാ വകുപ്പ്, ഇന്ത്യൻ നാച്ചുറോപതി ആൻഡ് യോഗ ഗ്രാജുവേറ്റ്‌സ് മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല ഗവൺമെന്റ് യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ സംഘടിപ്പിച്ച ഒൻപതാമത് ദേശീയ പ്രകൃതിചികിത്സാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘പ്രകൃതിചികിത്സയിലൂടെ ആരോഗ്യമുള്ള ഭാരതം’ എന്ന സന്ദേശത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.


അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള അവകാശം രോഗിക്കുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തം. 


അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ തുടങ്ങിയ ചികിത്സാരീതികൾക്ക് സർക്കാർ അർഹമായ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറ. ആഹാരം, വ്യായാമം, വിശ്രമം, ഉറക്കം, മാനസികാരോഗ്യം എന്നിവയ്ക്ക് ആരോഗ്യസംരക്ഷണത്തിൽ നിർണായക സ്ഥാനമുണ്ട്. യോഗയും പ്രകൃതിചികിത്സയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

വർക്കല ഗവൺമെന്റ് യോഗ പ്രകൃതിചികിത്സാ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ചികിത്സാകേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ബിന്ദു വി. അധ്യക്ഷത വഹിച്ചു. വർക്കല നഗരസഭാ ചെയർപേഴ്‌സൺ ഗീത ഹേമചന്ദ്രൻ, മുൻ എം.എൽ.എ വർക്കല കഹാർ എന്നിവർ വിശിഷ്ടാതിഥികളായി. 

ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഫുഡ് ആൻഡ് ന്യൂട്രിഷൻ എക്‌സ്‌പോ, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

Get more updates from Pudukad News on Google