മലപ്പുറം ജില്ലയിലെ ബാങ്ക് നിക്ഷേപം 59,209 കോടിയായി; വായ്പയിൽ 1,579 കോടിയുടെ വർധന | Malappuram bank deposits September quarter

റിപ്പോർട്ട: അൻവർ ഷരിഫ്
മലപ്പുറം ജില്ലയിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം സെപ്റ്റംബർ പാദത്തിൽ 59,209 കോടി രൂപയായി ഉയർന്നു. ജൂൺ പാദത്തിലെ 57,341 കോടി രൂപയിൽ നിന്ന് 1,868 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ ബാങ്കുകളുടെ മൊത്തം വായ്പ 37,289 കോടി രൂപയിൽ നിന്ന് 38,868 കോടി രൂപയായി ഉയർന്നു. വായ്പയിൽ 1,579 കോടി രൂപയുടെ വർധനയുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. (Malappuram bank deposits September quarter)
ഒതുക്കുങ്ങലിലെ ഹോട്ടൽ ലിവ സെറീൻ റിട്രീറ്റ്സിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി റേഷ്യോ) 65.65 ശതമാനമായി ഉയർന്നതായും അറിയിച്ചു. ജൂൺ പാദത്തിൽ ഇത് 65.03 ശതമാനമായിരുന്നു. റിസർവ് ബാങ്ക് നിശ്ചയിച്ച 60 ശതമാനം മാനദണ്ഡത്തേക്കാൾ ഉയർന്ന നിലയിലാണ് ജില്ലയിലെ അനുപാതം. മൊത്തം വായ്പയിൽ 21,331 കോടി രൂപ മുൻഗണനാ മേഖലയ്ക്കാണ് അനുവദിച്ചത്. ഇത് ആകെ വായ്പയുടെ 54.88 ശതമാനമാണ്.
2026–27 സാമ്പത്തിക വർഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാൻ പ്രകാരം മുൻഗണനാ മേഖലയ്ക്ക് 24,080 കോടി രൂപ വായ്പ നൽകുകയാണ് ലക്ഷ്യം. സെപ്റ്റംബർ പാദം അവസാനിക്കുമ്പോൾ 13,010 കോടി രൂപ അനുവദിച്ചു. ലക്ഷ്യത്തിന്റെ 54 ശതമാനമാണിത്. പ്രാഥമിക മേഖലയിൽ 8,137 കോടി രൂപയും ദ്വിതീയ മേഖലയിൽ 3,794 കോടി രൂപയും തൃതീയ മേഖലയിൽ 1,079 കോടി രൂപയുമാണ് വായ്പ നൽകിയത്. ലക്ഷ്യനേട്ടം യഥാക്രമം 46, 72, 86 ശതമാനമാണ്. സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കാൻ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് യോഗം നിർദേശിച്ചു. കേന്ദ്ര ധനകാര്യ സേവന വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ തദ്ദേശ സ്ഥാപനതലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലും 12 നഗരസഭകളിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നവംബർ 17 വരെയുള്ള കണക്കനുസരിച്ച് 32 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും ക്യാമ്പുകൾ സംഘടിപ്പിച്ചു.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ അർഹരായവരെ ചേർക്കുക, ജൻധൻ അക്കൗണ്ടുകൾ ആരംഭിക്കുക, പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുക തുടങ്ങിയ നടപടികൾ ഊർജിതമാക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനും ഫസൽ ബീമ യോജനയിൽ അർഹരായവരെ ഉൾപ്പെടുത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എം. റഹ്മത്തുള്ള എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം പി.ഒ. സാദിഖ്, തിരുവനന്തപുരം ആർ.ബി.ഐ എഫ്.ഐ.ഡി.ഡി ലീഡ് ജില്ലാ ഓഫീസർ എൻ.എസ്. അമൽ, നബാർഡ് ജില്ലാ വികസന മാനേജർ ഭഗവതി, ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.വി. അഞ്ജനദേവ് തുടങ്ങിയവർ സംസാരിച്ചു.
Summary: Malappuram district’s total bank deposits rose to ₹59,209 crore in the September quarter, while total advances increased by ₹1,579 crore to ₹38,868 crore. The district’s credit-deposit ratio improved to 65.65%, and banks disbursed ₹13,010 crore under priority-sector lending during the first half of FY 2026–27.




