Skip to content
November 20, 2026
⌕

ഓക്കസ് കരാർ പ്രകാരം ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തർവാഹിനികൾ നൽകുന്നത് അമേരിക്കൻ നാവികസേനയുടെ കരുത്ത് വർഷങ്ങളോളം കുറയ്ക്കുമെന്ന് യു.എസ് കോൺഗ്രസ് സമിതിയുടെ മുന്നറിയിപ്പ്; കപ്പൽശാലകളിലെ നിർമ്മാണ മന്ദഗതിയും കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കുമെന്നും ചൈനയുമായി സംഘർഷമുണ്ടായാൽ ഓസ്‌ട്രേലിയൻ അന്തർവാഹിനികളുടെ പങ്കാളിത്തം ഉറപ്പുനൽകാനാവില്ലെന്നും കോൺഗ്രഷണൽ ബജറ്റ് ഓഫീസ് റിപ്പോർട്ട്

November 20, 2026
Share this post to

വാഷിംഗ്ടണ്‍: ഓക്കസ് കരാറിന്റെ ഭാഗമായി ഓസ്ട്രേലിയയ്ക്ക് ആണവോര്‍ജ്ജ അന്തര്‍വാഹിനികള്‍ നല്‍കുന്നത് അമേരിക്കന്‍ നാവികസേനയുടെ ശേഷി വര്‍ഷങ്ങളോളം കുറയ്ക്കാന്‍ ഇടയാക്കുമെന്ന് യു.എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.


ചൈനയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ ഓസ്ട്രേലിയന്‍ പതാകയുള്ള അന്തര്‍വാഹിനികളെ യുദ്ധസേവനത്തിന് നിര്‍ബന്ധിക്കാന്‍ കഴിയുമോ എന്നും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു. യു.എസ് നാവികസേനയുടെ ഏറ്റവും പുതിയ കപ്പല്‍ നിര്‍മ്മാണ പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ഈ ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്.


അമേരിക്കന്‍ നാവികസേനയുടെ പദ്ധതിയിലെ പ്രവചനങ്ങളില്‍ ഓക്കസ് കരാറിനെ പിന്തുണയ്ക്കുന്നില്ലെന്നും, വിര്‍ജീനിയ ക്ലാസ് അന്തര്‍വാഹിനികള്‍ ഓസ്ട്രേലിയയ്ക്ക് കൈമാറുന്ന കാര്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അടിക്കുറിപ്പില്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കപ്പല്‍ നിര്‍മ്മാണ പദ്ധതി പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് ഓക്കസ് കരാര്‍ നാവികസേനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തി വെള്ളിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു. നാവികസേനയുടെ ആവശ്യത്തിനനുസരിച്ച് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ നിലവില്‍ അമേരിക്കന്‍ കപ്പല്‍ശാലകള്‍ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി.

ഓസ്ട്രേലിയയ്ക്ക് വില്‍ക്കുന്ന അന്തര്‍വാഹിനികള്‍ക്ക് പകരം പുതിയവ നിര്‍മ്മിക്കാന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നത് നാവികസേനയും കപ്പല്‍ശാലകളും നേരിടുന്ന വെല്ലുവിളികള്‍ ഇരട്ടിയാക്കുമെന്നും, ഇത് വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ നാവികസേനയ്ക്ക് ലഭ്യമായ ആക്രമണ അന്തര്‍വാഹിനികളുടെ എണ്ണം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഓക്കസ് കരാറിലെ ‘പില്ലര്‍ വണ്‍’ സംരംഭത്തിന് കീഴില്‍ 2032 മുതല്‍ മൂന്ന് മുതല്‍ അഞ്ച് വരെ വിര്‍ജീനിയ ക്ലാസ് അന്തര്‍വാഹിനികള്‍ ഓസ്ട്രേലിയയ്ക്ക് വില്‍ക്കാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. 


എന്നാല്‍, ചൈനയുമായി അമേരിക്കയ്ക്ക് ഒരു സംഘര്‍ഷമുണ്ടായാല്‍ ഓസ്ട്രേലിയയ്ക്ക് കൈമാറിയ ഈ അന്തര്‍വാഹിനികള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് ഏറ്റവും പുതിയ വിശകലനത്തില്‍ സി.ബി.ഒ ചോദ്യം ചെയ്യുന്നത്. സ്വന്തം അന്തര്‍വാഹിനികളുടെ എണ്ണം കുറച്ചുകൊണ്ട് ഓസ്ട്രേലിയയെ സഹായിക്കുന്നത് ചൈനയെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ ശേഷിയെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. 

എങ്കിലും, ഓസ്ട്രേലിയയുമായുള്ള ദീര്‍ഘകാലവും ശക്തവുമായ സഖ്യം കാരണം, പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ വിന്യസിക്കപ്പെടുന്ന ഓസ്ട്രേലിയന്‍ അന്തര്‍വാഹിനികള്‍ക്ക് തായ്വാന്‍ വിഷയത്തിലോ ദക്ഷിണ ചൈനാ കടലിലോ ചൈനയുമായുണ്ടാകുന്ന ഏതൊരു സംഘര്‍ഷത്തിലും വേഗത്തില്‍ പ്രതികരിക്കാന്‍ കഴിയുമെന്നും ഇത് അമേരിക്കയുടെ ശേഷിക്കുറവ് നികത്താന്‍ സഹായിച്ചേക്കാമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.


അതേസമയം, ഓസ്ട്രേലിയയുമായി ഊഷ്മളമായ ബന്ധമുണ്ടെങ്കിലും അന്തര്‍വാഹിനികള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ആത്യന്തികമായി കാന്‍ബെറയായിരിക്കുമെന്നതിനാല്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു. ഏതെങ്കിലും പ്രത്യേക സംഘര്‍ഷത്തില്‍ ഓസ്ട്രേലിയന്‍ അന്തര്‍വാഹിനികളുടെ പങ്കാളിത്തം ഉറപ്പുനല്‍കാനാവില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 


ചൈനയുമായുള്ള ഏതെങ്കിലും അമേരിക്കന്‍ സംഘര്‍ഷത്തെ പിന്തുണച്ച് അന്തര്‍വാഹിനികള്‍ വിന്യസിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും നല്‍കാനാവില്ലെന്നും, ഭാവിയിലുണ്ടാകുന്ന ഏതൊരു ഓസ്ട്രേലിയന്‍ അന്തര്‍വാഹിനിയും അന്നത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുമെന്നും 2023-ല്‍ തന്നെ ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങളായി അമേരിക്കയിലെ അന്തര്‍വാഹിനി നിര്‍മ്മാണ നിരക്ക് വളരെ മന്ദഗതിയിലാണ്. നിലവില്‍ പ്രതിവര്‍ഷം 1.13 വിര്‍ജീനിയ ക്ലാസ് അന്തര്‍വാഹിനികള്‍ മാത്രമാണ് അമേരിക്കന്‍ കപ്പല്‍ശാലകള്‍ നിര്‍മ്മിക്കുന്നത്.

അമേരിക്കയുടെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇത് പ്രതിവര്‍ഷം രണ്ടായും, ഓസ്ട്രേലിയയ്ക്ക് കൈമാറാനുള്ള അധിക അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിന് പ്രതിവര്‍ഷം 2.33 ആയും ഉയര്‍ത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് നിര്‍ബന്ധിക്കുന്നു.


എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിര്‍മ്മാണ നിരക്ക് കുറയുകയും വിര്‍ജീനിയ ക്ലാസ് അന്തര്‍വാഹിനികളുടെ നിര്‍മ്മാണത്തില്‍ 24 മുതല്‍ 36 മാസം വരെ കാലതാമസം നേരിടുകയും ചെയ്യുകയാണ്. 2000-ല്‍ അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ എടുത്തിരുന്ന അന്തര്‍വാഹിനി നിര്‍മ്മാണത്തിന് നിലവിലെ സമയക്രമം അനുസരിച്ച് ശരാശരി 10 മുതല്‍ 11 വര്‍ഷം വരെ എടുക്കുന്നുണ്ട്. 


അമേരിക്കയുടെ സമുദ്രാന്തര പ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഓസ്ട്രേലിയയ്ക്ക് അന്തര്‍വാഹിനികള്‍ കൈമാറാന്‍ യു.എസ് പ്രസിഡന്റിന് അനുമതിയുള്ളൂ എന്നും, ഓക്കസ് കരാറിലെ വ്യവസ്ഥകള്‍ പ്രകാരം പിഴയൊന്നും കൂടാതെ തന്നെ അന്തര്‍വാഹിനികള്‍ കൈമാറുന്നത് നിരസിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

 

Get more updates from Pudukad News on Google