ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന 30 ദിവസത്തെ വിസ രഹിത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കാൻ മലേഷ്യയുടെ തീരുമാനം; 2026 ഡിസംബർ 31 വരെ മാത്രമേ വിസ ഇളവ് ബാധകമായിരിക്കുകയുള്ളൂ എന്ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ്; പുതിയ നടപടി വിനോദസഞ്ചാര വിസയുടെ മറവിൽ തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതിനെതിരെ ഇന്ത്യൻ ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകി രണ്ട് മാസത്തിന് പിന്നാലെ

ക്വാലാലംപൂര്‍: ഇന്ത്യന്‍ പൗരന്മാര്ക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശന സൗകര്യം 2026 ഡിസംബര്‍ 31-ന് അവസാനിപ്പിക്കാന്‍ മലേഷ്യ തീരുമാനിച്ചു.
മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ, മലേഷ്യന്‍ സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുകയോ നയത്തില്‍ മാറ്റം വരുത്തുകയോ ചെയ്തില്ലെങ്കില്‍ 2027 ജനുവരി ഒന്ന് മുതല്‍ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ മുന്‍കൂട്ടി വിസ എടുക്കേണ്ടിവരും.
രാജ്യങ്ങള്‍ തിരിച്ചുള്ള വിസ നിബന്ധനകളുടെ പട്ടികയില്‍ ഇന്ത്യയെയും ഇമിഗ്രേഷന്‍ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 ഡിസംബര്‍ 31 വരെ മാത്രമേ ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ ഇളവ് ബാധകമായിരിക്കുകയുള്ളൂ എന്ന് വെബ്സൈറ്റില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ എന്നിവയാണ് വിസ നിര്‍ബന്ധമുള്ള മറ്റ് അയല്‍രാജ്യങ്ങള്‍. 30 ദിവസത്തെ വിസ രഹിത പ്രവേശന സൗകര്യം തൊഴില്‍ തേടുന്നതിനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ക്വാലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി രണ്ട് മാസത്തിന് ശേഷമാണ് മലേഷ്യയുടെ ഈ പുതിയ നീക്കം.
വിസ രഹിത സൗകര്യം ഉപയോഗിച്ച് ജോലി തേടി മലേഷ്യയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായതായി സെപ്റ്റംബര്‍ 22-ന് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. വിനോദസഞ്ചാരത്തിനും സാമൂഹിക സന്ദര്‍ശനങ്ങള്‍ക്കും മാത്രമുള്ള ഈ സൗകര്യം ഉപയോഗിച്ച് ജോലി അന്വേഷിക്കാനോ ജോലിയില്‍ പ്രവേശിക്കാനോ അനുവാദമില്ല.
മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാര്‍ നിരവധി ഇന്ത്യക്കാരെ വഞ്ചിക്കുന്നതായും ഹൈക്കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃത്യമായ തൊഴില്‍ അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് അനധികൃത താമസത്തിനും ചൂഷണത്തിനും തടവിനും നിയമനടപടികള്‍ക്കും കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വിസ രഹിത യാത്രാ സൗകര്യം ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ മലേഷ്യയെ ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരുന്നു. ടൂറിസം മലേഷ്യയുടെ കണക്കുകള്‍ പ്രകാരം 2026 ജനുവരിക്കും ജൂണിനും ഇടയില്‍ 7,38,000 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് മലേഷ്യ സന്ദര്‍ശിച്ചത്.
ഇതോടെ ചൈന, സിംഗപ്പൂര്‍, തായ്ലന്ഡ്, ഇന്തോനേഷ്യ എന്നിവയ്ക്കൊപ്പം മലേഷ്യയിലെ പ്രധാന അഞ്ച് വിനോദസഞ്ചാര വിപണികളില്‍ ഒന്നായി ഇന്ത്യ മാറി. 2025-ല്‍ 15.6 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെത്തിയ മലേഷ്യയില്‍ 2026-ല്‍ 21 ലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയില്‍ ആഴ്ചയില്‍ 190-ലധികം നേരിട്ടുള്ള വിമാന സര്‍വീസുകളുണ്ടെന്നും ടൂറിസം മലേഷ്യ വ്യക്തമാക്കുന്നു.
നിലവിലെ മലേഷ്യന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരം, ജോലി തേടുന്ന വിദേശ പൗരന്മാര് ‘വിസ വിത്ത് റഫറന്‍സ്’ ഉള്‍പ്പെടെയുള്ള ഉചിതമായ തൊഴില്‍ അനുമതി നേടിയിരിക്കണം. ഏജന്റുമാര്‍ നല്കുന്ന തൊഴില്‍ വാഗ്ദാനങ്ങള്‍ സാധുവായ ഇമിഗ്രേഷന്‍ അനുമതിക്ക് പകരമാകില്ല.
അതേസമയം, നിലവിലുള്ള 30 ദിവസത്തെ വിസ രഹിത സൗകര്യം ഉപയോഗിച്ച് മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍, യാത്ര തിരിക്കുന്നതിന് മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ച മലേഷ്യ ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡിന്റെ രേഖ എന്നിവ കൈവശം കരുതണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് നിര്‍ദ്ദേശിച്ചു.




