പുതിയ ശുദ്ധജല മത്സ്യയിനങ്ങളെ കണ്ടെത്തി; അറിയപ്പെടുക ശബരിമലയുടെയും മാന്നാന്‍ ഗോത്ര സമൂഹത്തിന്റെ പേരില്‍, കേരളത്തിന്റെ സമ്പന്നവും ഇനിയും പൂര്‍ണമായി പഠിക്കപ്പെടാത്തതുമായ ശുദ്ധജല ജൈവവൈവിധ്യത്തിലേക്കുള്ള നിര്‍ണായക സംഭാവനയാണ് ഈ കണ്ടെത്തല്‍

കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍-ഏലമലനിരകളില്‍ നിന്ന് രണ്ട് പുതിയ ശുദ്ധജല മത്സ്യയിനങ്ങളെ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ വി.കെ. അനൂപ്, ഡോ. രാജീവ് രാഘവന്‍, ന്യൂഡല്‍ഹിയിലെ ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സിലെ ഡോ. നീലേഷ് ദഹനൂക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ മത്സ്യ ഇനങ്ങളെ കണ്ടെത്തിയത്.
പുതുതായി കണ്ടെത്തിയ മത്സ്യയിനങ്ങളില്‍ ഒന്നിന് പ്രമുഖ ഗോത്രസമൂഹമായ മന്നാന്മാരോടുള്ള ആദരസൂചകമായി ‘മീസോനീമാകൈലസ് മന്നനോരം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്രാദേശികമായി ഇവ ‘കൊയ്മ’ എന്നറിയപ്പെടും.
ദക്ഷിണേന്ത്യയില്‍ പരമ്പരാഗത രാജഭരണ സമ്പ്രദായം ഇന്നും പിന്തുടരുന്ന അപൂര്‍വ ഗോത്രസമൂഹമാണ് മന്നാന്മാര്‍. പെരിയാര്‍ കടുവാസങ്കേതത്തിനുള്ളിലെ അരുവികളിലാണ് ഇവയെ കണ്ടെത്തിയത്. ഈ മേഖലയിലെ മന്നാന്‍ ഗോത്രസമൂഹം ഇവിടെ മത്സ്യബന്ധനം നടത്താറുണ്ട്.
രണ്ടാമത്തെ ഇനത്തിന് ശബരിമലയുടെ പേരില്‍ ‘മീസോനീമാകൈലസ് ശബരിയെന്‍സിസ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ‘കൊയ്ത്ത’ എന്നാണ് ഇതിന്റെ മലയാളം പേര്. പമ്പ നദീതടത്തിലെ അങ്ങമൂഴിക്ക് സമീപമുള്ള അരുവികളിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്.
കേരളത്തിന്റെ സമ്പന്നവും എന്നാല്‍ ഇനിയും പൂര്‍ണമായി പഠിക്കപ്പെടാത്തതുമായ ശുദ്ധജല ജൈവവൈവിധ്യത്തിലേക്കുള്ള നിര്‍ണായക സംഭാവനയാണ് ഈ കണ്ടെത്തല്‍. പഠനഫലങ്ങള്‍ പ്രമുഖ അന്താരാഷ്ട്ര ശാസ്ത്രജേണലായ ‘ജേണല്‍ ഓഫ് ഫിഷ് ബയോളജി’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




