Skip to content
November 22, 2026
⌕

മധ്യ പെറുവിനെ വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം; തലസ്ഥാനമായ ലിമയിലും ശക്തമായ പ്രകമ്പനം, പാർലമെന്റ് മന്ദിരത്തിൽ നിന്ന് ജനപ്രതിനിധികളെ അടിയന്തരമായി ഒഴിപ്പിച്ചു. തുടർച്ചയായ ഭൂചലനങ്ങളിൽ ആശങ്കയിലായി പെറു, സുനാമി ഭീഷണിയില്ലെന്ന് അധികൃതർ

November 21, 2026
Share this post to

ലിമ: മധ്യ പെറുവില്‍ വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. തലസ്ഥാനമായ ലിമയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. 


ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് ആണ് ഭൂചലനത്തിന്റെ തീവ്രത 6.8 ആണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആന്‍ഡിയന്‍ മേഖലയായ ജുനിനില്‍ 129 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പെറുവിന്റെ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.


ശക്തമായ പ്രകമ്പനത്തെത്തുടര്‍ന്ന് രാജ്യത്തെ ജനപ്രതിനിധികള്‍ കോണ്‍ഗ്രസ് മന്ദിരത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. അതേസമയം, ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പോ ഭീഷണിയോ ഇല്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.

ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നതിനിടെയാണ് പുതിയ സംഭവം. ഈ ആഴ്ച ആദ്യം പെറു തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടാവുകയും ലിമയില്‍ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തിരുന്നു.

ലിമയ്ക്ക് തെക്ക് ചാന്‍ഗ്വില്ലോയില്‍ നിന്ന് 59 മൈല്‍ അകലെ ഏകദേശം 6.2 മൈല്‍ ആഴത്തിലാണ് അന്ന് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു.


ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിന് തൊട്ടുപിന്നാലെ 4.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായതായി ഫോക്‌സ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ഭൂചലനമുണ്ടാകുമ്പോള്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലിമയില്‍ ദിവ്യബലി അര്‍പ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അപകടങ്ങളോ പരിക്കുകളോ ഉണ്ടായതായി ഉടന്‍ സ്ഥിരീകരിച്ചിട്ടില്ല.


ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ ‘പസഫിക് റിംഗ് ഓഫ് ഫയറിലാണ്’ പെറു സ്ഥിതി ചെയ്യുന്നത്. പസഫിക് ഫലകം മറ്റ് ടെക്‌റ്റോണിക് ഫലകങ്ങളുമായി കൂടിച്ചേരുന്ന ഈ മേഖലയിലാണ് ലോകത്തിലെ 90 ശതമാനം ഭൂകമ്പങ്ങളും ഏകദേശം 75 ശതമാനം സജീവ അഗ്‌നിപര്‍വ്വതങ്ങളും സ്ഥിതി ചെയ്യുന്നതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

 

Get more updates from Pudukad News on Google