Skip to content
November 22, 2026
⌕

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വരി; കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കും ആശ്വാസം, ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്

November 21, 2026
Share this post to

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേക വരി ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കും തനിച്ച് ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും ഇത് ഏറെ പ്രയോജനകരമാകും.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും ഈ പ്രത്യേക വരിയില്‍ നിര്‍ത്താം. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അറിയിച്ചു. എന്നാല്‍ കുടുംബസമേതം വരുന്നവരിലെ സ്ത്രീകള്‍ക്ക് പൊതുവരിയില്‍ തന്നെ നില്‍ക്കാവുന്നതാണ്.

അതേസമയം, ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഇതിനിടെ, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പി.എ. അഭിലാഷ്, പി. ശിവദാസന്‍, സി.വി. ബാലചന്ദ്രന്‍ എന്നീ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 20 ഇന്ന് നടക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. രാവിലെ 11 മണിക്ക് കുറൂരമ്മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ ഡോ. എം.ജി. രാജമാണിക്കം ഐ.എ.എസ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

 

Get more updates from Pudukad News on Google