ഭാര്യയോട് സംസാരിച്ചതിന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു, വധ ശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം:ഭാര്യയോട് സംസാരിച്ചതിന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു. തിരുവനന്തപുരം വെട്ടുകാടുനിന്നാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ഇന്നലെ രാത്രിയാണ് വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസ് വെട്ടുകത്തിയുമായി അയല്‍വാസി ഗോഡ്ഫ്രിയെ ആക്രമിച്ചത് . വെട്ടുകാട് പള്ളിയോട് ചേര്‍ന്ന് കടലിനരികില്‍ നില്‍ക്കുകയായിരുന്ന ഗോഡ്ഫ്രിയെ ജോസ് വെട്ടുകത്തിയുമായി എത്തുന്നത് കണ്ട് ഗോഡ്ഫ്രി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ ചെന്ന് ഇയാള്‍ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇടയ്ക്ക് ചാടിയ ഭാര്യ ജോസിനെ തടയാന്‍ ശ്രമിച്ചു.
വെട്ടുന്നത് തടഞ്ഞ ഭാര്യയെയും ഇയാള്‍ ആക്രമിച്ചു. ഇതിനിടെ കാലില്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തിയതോടെ ജോസ് അടിതെറ്റിവീണു. പിന്നാലെ എത്തിയ നാട്ടുകാര്‍ മണല്‍ വാരിയെറിഞ്ഞ് ഇയാളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു .
കണ്ണില്‍ മണല്‍ വീണതോടെ ഇയാളുടെ കാഴ്ച മറഞ്ഞു. ഈ സമയം നാട്ടുകാര്‍ ചേര്‍ന്ന് ജോസിനെ കീഴ്പ്പെടുത്തി. ബലമായി പിടിച്ചുവച്ച ജോസിനെ പിന്നീട് പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. റിമാന്‍ഡ് ചെയ്തു. ജോസിന്റെ ഭാര്യയും ഗോഡ്ഫെറിയും തമ്മില്‍ സംസാരിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം.




