ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന; ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് അമേരിക്കൻ കോടതിയിൽ 19 വർഷത്തിലധികം കഠിനതടവ്. മഹാത്മാഗാന്ധിയുടെ അഹിംസാ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുപോയെന്ന് കോടതിയിൽ ഖേദം പ്രകടിപ്പിച്ച് പ്രതി, അമേരിക്കൻ മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് പ്രോസിക്യൂഷൻ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്തയ്ക്ക് (55) അമേരിക്കന്‍ കോടതി 19 വര്‍ഷത്തിലധികം (235 മാസം) തടവുശിക്ഷ വിധിച്ചു.
വാടകക്കൊലയ്ക്ക് പദ്ധതിയിട്ടതായും പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതായും ഫെബ്രുവരിയില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി ജഡ്ജി വിക്ടര്‍ മാരെറോ വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്.
അമേരിക്കന്‍-കനേഡിയന്‍ ഇരട്ട പൗരത്വമുള്ള അഭിഭാഷകനും ‘സിഖ്‌സ് ഫോര്‍ ജസ്റ്റിസ്’ സംഘടനയുടെ നേതാവുമായ പന്നൂനിനെ വധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വികാസ് യാദവുമായി ചേര്‍ന്ന് നിഖില്‍ ഗുപ്ത പദ്ധതിയിട്ടതായാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.
കോടതി രേഖകള്‍ പ്രകാരം, വാടകക്കൊലയാളിയെന്ന് കരുതി ഇവര്‍ 15,000 ഡോളര്‍ കൈമാറിയത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥനായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വികാസ് യാദവ് നിലവില്‍ യുഎസ് കസ്റ്റഡിയിലില്ല.
ഈ വധശ്രമ ആരോപണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു. അമേരിക്കയിലും കാനഡയിലുമുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള സമാനമായ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഇത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിക്ക് ഏകദേശം 24 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു മാന്‍ഹട്ടന്‍ യുഎസ് അറ്റോര്‍ണി ഓഫീസിലെ പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം. അഭിപ്രായങ്ങളെ അക്രമത്തിലൂടെ നിശബ്ദമാക്കുന്നത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും പ്രോസിക്യൂട്ടര്‍ ആഷ്ലി നിക്കോളാസ് കോടതിയില്‍ പറഞ്ഞു.
അതേസമയം, ഗൂഢാലോചനയില്‍ പങ്കാളിയായതില്‍ നിഖില്‍ ഗുപ്ത കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അഹിംസാ തത്വങ്ങളില്‍ നിന്ന് താന്‍ വ്യതിചലിച്ചുപോയെന്നും പന്നൂനിനോടും താന്‍ വേദനിപ്പിച്ച സമൂഹത്തോടും സ്വന്തം കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും ഗുപ്ത പറഞ്ഞു.
ഗുപ്തയെ വിചാരണ ചെയ്തതില്‍ അമേരിക്കയോട് നന്ദിയുണ്ടെന്നും, പഞ്ചാബിന്റെയും സിഖ് ജനതയുടെയും സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള പോരാട്ടം തന്റെ ജീവിതലക്ഷ്യമായി തുടരുമെന്നും പന്നൂന്‍ കോടതിയില്‍ വ്യക്തമാക്കി.




