രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി | Supreme Court blood relative marriage law

അടുത്ത രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ഇത്തരം വിവാഹങ്ങൾ കുട്ടികളിൽ ജനിതക ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നിയമം നിർദേശിക്കുകയല്ല, വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. (Supreme Court blood relative marriage law)
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ (Consanguineous Marriages) നിയന്ത്രിക്കുന്നത് സാമൂഹിക പരിഷ്കരണ നിയമനിർമാണത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇക്കാര്യത്തിൽ കോടതിക്ക് നേരിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ബെംഗളൂരുവിലെ നിയമവിദ്യാർഥിനിയായ ചാർവി എസ് ആണ് ഹർജി നൽകിയത്. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുട്ടികളിൽ ജനിതക വൈകല്യങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ നിലവിലെ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇത്തരം വിവാഹങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.
രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹം ജനിതകപരമായി ചില രോഗങ്ങൾ, ജന്മനാ വൈകല്യങ്ങൾ, കാഴ്ച-കേൾവി പ്രശ്നങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, ശിശുമരണം തുടങ്ങിയവയുടെ സാധ്യത വർധിപ്പിക്കാമെന്ന് മെഡിക്കൽ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി ഹർജിയിൽ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത്തരം വിവാഹങ്ങൾ കൂടുതലായി നടക്കുന്നതായും ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് പലർക്കും അറിവില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ഹിന്ദു വിവാഹ നിയമത്തിലെ അഞ്ചാം വകുപ്പിലെ (iv), (v) ഉപവകുപ്പുകൾ പ്രകാരം നിരോധിത ബന്ധങ്ങളിലോ സപിണ്ഡ ബന്ധങ്ങളിലോ ഉൾപ്പെടുന്നവർക്ക് ആചാരമോ കീഴ്വഴക്കമോ അനുവദിക്കുന്ന സാഹചര്യങ്ങളിൽ വിവാഹം കഴിക്കാം. ഇത്തരം വിവാഹങ്ങൾക്ക് മുമ്പ് ജനിതക കൗൺസിലിങ്, അപകടസാധ്യതകളെക്കുറിച്ചുള്ള വിശദീകരണം, മെഡിക്കൽ പരിശോധന തുടങ്ങിയ മുൻകരുതലുകൾ നിർബന്ധമാക്കണമെന്നാണ് ഹർജിയിലെ നിർദേശം. ഉയർന്ന നിരക്കിൽ ഇത്തരം വിവാഹങ്ങൾ നടക്കുന്ന മേഖലകളിൽ വിവാഹപൂർവ ജനിതക പരിശോധനയും കൗൺസിലിങ്ങും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹം വ്യക്തികളുടെ തിരഞ്ഞെടുപ്പാണെന്നും അതിനാൽ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് തീരുമാനമെടുക്കാൻ ആളുകൾക്ക് അവസരമുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള വിവാഹങ്ങളെ കുറ്റകരമാക്കുകയോ അവയുടെ നിയമസാധുത ഇല്ലാതാക്കുകയോ ചെയ്യുന്നതല്ല ഹർജിയുടെ ലക്ഷ്യമെന്നും, കുട്ടികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള പ്രതിരോധ നടപടികളാണ് ആവശ്യമെന്നും ഹർജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
Summary: The Supreme Court has asked the Centre to consider whether legislation is needed to regulate marriages between close blood relatives, citing concerns about genetic health risks to children. The court said the matter falls within the legislature’s




