‘മെസി തട്ടിപ്പ് കേരളത്തെ കബളിപ്പിച്ച സംഭവം, ദുരൂഹമായ ഇടപാടുകളാണ് നടന്നത്, നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ’: V അബ്ദുറഹിമാനെ പ്രതിചേർത്തത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Messi Fraud

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേരളത്തെ കബളിപ്പിച്ച സംഭവമാണെന്നും, ഇതിൽ ദുരൂഹമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ കേസിൽ പ്രതിചേർത്ത നടപടിക്ക് ഗവർണറുടെ അനുമതി ലഭിച്ചിരുന്നുവെന്നും വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.(Messi Fraud Betrayal of Kerala Says Ramesh Chennithala)
അധ്യാപക സംഘടന സെക്രട്ടറിയേറ്റ് വളയൽ സമരം നടത്തുന്നതിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ 11 വർഷക്കാലം ചെയ്യാത്ത കാര്യങ്ങൾ ആറുമാസം കൊണ്ട് സർക്കാർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ഈ സമരം ഉദ്ഘാടനം ചെയ്യാൻ മുൻ മുഖ്യമന്ത്രി തന്നെ എത്തുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്.
പത്ത് വർഷത്തോളം സമരം ചെയ്യാൻ കഴിയാതെ പോയതിന്റെ ദുഃഖമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും, ഇക്കാര്യം ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്തുകൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. കേസിലെ തുടർനടപടികളുടെ ഭാഗമായി തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ പ്രത്യേക അന്വേഷണ സംഘം (SIT) റിപ്പോർട്ട് സമർപ്പിക്കും.
Story Summary
Home Minister Ramesh Chennithala described the alleged Lionel Messi event fraud as a betrayal of Kerala involving mysterious transactions, noting that governor’s approval had been obtained to name former sports minister V. Abdurahiman as an accused and calling for an impartial probe.




