സ്വര്‍ണവിലയിടിവ്. വായ്പാ മേഖലയിൽ ആശങ്ക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കാം. വില കുറയുന്നതു പുതിയ വാങ്ങലുകള്‍ക്ക് അവസരമൊരുക്കുന്നതു വ്യാപാരികള്‍ക്കു നേട്ടം

കോട്ടയം: സ്വര്‍ണവിലയിലുണ്ടാകുന്ന ഇടിവ് വായ്പാ മേഖലയിലും വ്യാപാരരംഗത്തും പ്രകടമായ ചലനങ്ങള്‍ ഉണ്ടാക്കുന്നതായി വിലയിരുത്തല്‍. പണയസ്വര്‍ണത്തിന്റെ വിപണിമൂല്യം കുറയുന്നതിനനുസരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കാവുന്ന വായ്പയുടെ തുകയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്വര്‍ണവില ഉയര്ന്നുനില്ക്കുന്ന സമയത്ത് കുടുംബങ്ങളുടെ ആസ്തിമൂല്യത്തില്‍ വര്ധനവുണ്ടാകുന്നതുപോലെ, വിലയിടിവിന്റെ ഘട്ടത്തില്‍ ആ മൂല്യം കുറയുകയും ചെയ്യുന്നു. സ്വര്‍ണപ്പണയത്തെ ആശ്രയിക്കുന്ന ഇടപാടുകളില്‍ വിപണിമൂല്യത്തിലെ കുറവ് വായ്പാ പരിധിയിലും പ്രതിഫലിക്കാനിടയുണ്ട്.
കേരളത്തില്‍ സ്വര്‍ണത്തിന് വലിയ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യമുള്ളതിനാല്‍ വിലയിടിവിന്റെ പ്രത്യാഘാതം കൂടുതല്‍ ഗൗരവത്തോടെ പഠിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ സ്വര്‍ണവ്യാപാരത്തിന്റെ വാര്‍ഷിക വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വരുമെന്ന കണക്കുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണവ്യാപാര രംഗത്തുണ്ടാകുന്ന തളര്‍ച്ച സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വ്യാപാര സമ്പദ്വ്യവസ്ഥയെയും ബാധിച്ചേക്കാം.
വില കുറയുന്നതു പുതിയ വാങ്ങലുകള്‍ക്ക് അവസരമൊരുക്കുമെങ്കിലും, വില ഇനിയും താഴുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ മാറ്റിവെക്കുന്ന സാഹചര്യമുണ്ടായാല്‍ അതു വ്യാപാരത്തെ പ്രതികൂലമായി ബാധിക്കാം.
സ്വര്‍ണവിലയിലെ മാറ്റം ഒരു വിപണിയുടെ മാത്രം ചലനമല്ലെന്നും, കേരളത്തിലെ കുടുംബങ്ങളുടെ സമ്പാദ്യം, വ്യാപാരികളുടെ മൂലധനം, തൊഴിലാളികളുടെ ഉപജീവനം, ബാങ്കിങ് ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന സാമ്പത്തിക വിഷയമാണെന്നുമാണ് വിലയിരുത്തല്‍.
അതിനാല്‍ സ്വര്ണവിലയിടിവിനെ കേവലം കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമായി മാത്രം കാണാനാവില്ല; മറിച്ച് ഒരു സംസ്ഥാനത്തിന്റെ സമ്പാദ്യശേഷിയെയും വ്യാപാര മേഖലയെയും ഒരേസമയം ബാധിക്കുന്ന സാമ്പത്തിക പ്രതിഭാസമായി ഇതിനെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.




