ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകന് പണം നൽകി; മംഗല്യസൂത്രം പണയംവെച്ച് തോക്ക് വാങ്ങി, ഒഡീഷയിൽ യുവതി അറസ്റ്റിൽ | Odisha husband murder case

ഒഡീഷയിൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ യുവതി മംഗല്യസൂത്രം പണയംവെച്ച് കൊലപാതകത്തിന് പണം കണ്ടെത്തിയതായി പൊലീസ്. സംഭവത്തിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സുബർണപൂർ ജില്ലയിൽ സുധം നാഗ് എന്ന വെൽഡിങ് തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ട കേസിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. (Odisha husband murder case)
കവിത നാഗ് (34), കാമുകൻ ത്രിലോചൻ എന്ന ടിങ്കു എന്നറിയപ്പെടുന്ന ബാഗ് (34), കവിതയുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന യുവരാജ് സാഹു (42) എന്നിവരാണ് അറസ്റ്റിലായത്. ത്രിലോചനും കവിതയും ഏകദേശം രണ്ട് വർഷമായി ബന്ധത്തിലായിരുന്നുവെന്നും സാഹുവുമായി കവിതയ്ക്ക് 12 വർഷത്തോളമായി ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ഭർത്താവ് ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
കൊലപാതകം നടന്ന ദിവസം സാഹു സുധത്തിന്റെ യാത്രയും നീക്കങ്ങളും നിരീക്ഷിച്ച് വിവരങ്ങൾ കവിതയ്ക്ക് കൈമാറി. കവിത ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് വഴി ത്രിലോചനുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ലൊക്കേഷൻ അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതനുസരിച്ച് സലേപാലി–ഐൻലസാരി റോഡിലെ പങ്കേൽ ചൗക്കിന് സമീപം ത്രിലോചൻ സുധത്തെ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. കാലിലും പുറകിലും വെടിയേറ്റ സുധം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ അടുത്തുനിന്ന് വീണ്ടും വെടിയുതിർത്ത് നെഞ്ചിലും തലയിലും വെടിയേറ്റതോടെ സംഭവസ്ഥലത്ത് മരിച്ചു. കൊലപാതകത്തിനായി കവിത തന്റെ സ്വർണ മംഗല്യസൂത്രം ത്രിലോചനു കൈമാറിയെന്നും ഇയാൾ അത് ജ്വല്ലറിയിൽ പണയംവെച്ച് 45,000 രൂപ നേടിയെന്നും പൊലീസ് അറിയിച്ചു. ഈ പണം ഉപയോഗിച്ച് റൂർക്കേലയിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും വാങ്ങിയെന്നാണ് കണ്ടെത്തൽ. പണം കൈമാറ്റത്തിന് ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഭർത്താവിന്റെ കൊലപാതകത്തിന് പിന്നാലെ കവിത അജ്ഞാതൻ കൊലപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ സാക്ഷിമൊഴികൾ, സാങ്കേതിക തെളിവുകൾ, രഹസ്യവിവരങ്ങൾ എന്നിവ പരിശോധിച്ചതോടെ ഗൂഢാലോചന പുറത്തുവന്നു. പ്രതികളിൽ നിന്ന് നാടൻ തോക്ക്, നാല് ഒഴിഞ്ഞ വെടിയുണ്ടത്തൊണ്ടുകൾ, രണ്ട് ബൈക്കുകൾ, അഞ്ച് മൊബൈൽ ഫോണുകൾ, 1,460 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു.
Summary: An Odisha woman allegedly pawned her mangalsutra for ₹45,000 to help fund her husband’s murder, which was carried out by her lover. Police arrested the wife, her alleged lover and another man linked to the conspiracy.




