ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി; കീഴടങ്ങാൻ നിർദേശം | Highrich financial fraud case

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന് തിരിച്ചടി (Highrich financial fraud case). പ്രതാപന് നേരത്തെ അനുവദിച്ച ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
19 മാസം ജയിലിൽ കഴിഞ്ഞതിന് പിന്നാലെയാണ് പ്രതാപന് നേരത്തെ കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നതടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം എറണാകുളം പി.എം.എൽ.എ കോടതി ജാമ്യ ഉത്തരവ് പുനഃപരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതാപന്റെ ജാമ്യം റദ്ദാക്കാനും കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കാനും തീരുമാനിച്ചത്.
3,141 കോടി രൂപയുടെ തട്ടിപ്പെന്ന് ആരോപണം
2024 ജൂലൈയിലാണ് ഹൈറിച്ച് കമ്പനി വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നത്. പിന്നാലെ കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി. അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതായി ഇ.ഡി. കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ആദ്യഘട്ട കുറ്റപത്രവും സമർപ്പിച്ചിരുന്നു.
Story Summary:
The Ernakulam PMLA Court has cancelled the bail granted to Highrich company owner and director K.D. Prathapan in the alleged financial fraud case. The court has directed him to surrender on Monday. The decision followed a plea by the Enforcement Directorate and a reconsideration of the bail order in accordance with the Kerala High Court’s directions. The ED has alleged financial fraud involving ₹3,141 crore and said its investigation uncovered money-laundering transactions worth ₹1,651 crore.




