Skip to content
November 22, 2026
⌕

റഷ്യൻ പാത്രിയർക്കീസിന് ജൻമദിന ആശംസംകൾ നേർന്ന് മലങ്കരസഭ. പരിശുദ്ധ കിറിൽ പാത്രിയർക്കീസിന് ഇന്ത്യയിലേക്ക് ക്ഷണം

November 22, 2026
Share this post to

മോസ്ക്കോ : 80-ാം ജൻമദിനം ആഘോഷിക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കിറിൽ പാത്രിയർക്കീസ് ബാവായ്ക്ക് ഇന്ത്യയിൽ നിന്നുള്ള സ്നേഹസമ്മാനം.


മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ പരിശുദ്ധ പാത്രിയർക്കീസ് ബാവായെ സന്ദർശിച്ച് ജൻമദിന ആശംസകൾ നേർന്നു. സഭയുടെ പ്രതിനിധി സംഘവും ഒപ്പമുണ്ടായിരുന്നു.


 മലങ്കരസഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും, സഭാ സമിതികളുടെയും, വൈദികരുടെയും, സന്യസ്തരുടെയും, മുഴുവൻ വിശ്വാസി സമൂഹത്തിന്റെയും പ്രാർത്ഥനകളും ആശംസകളും  അറിയിക്കുന്നതായി പരിശുദ്ധ കാതോലിക്കാ പറഞ്ഞു. സഭയുടെ പിറന്നാൾ സമ്മാനം പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു.


ഇന്ത്യയിൽ നിന്നുള്ള സ്നേഹസമ്മാനത്തിനും ആശംസകൾക്കും റഷ്യൻ പാത്രീയർക്കീസ് നന്ദിരേഖപ്പെടുത്തി. റഷ്യൻ – ഇന്ത്യൻ ഓർത്തഡോക്സ് സഭാസമൂഹം പരസ്പരം പുലർത്തുന്ന സ്നേഹം കൂടുതൽ ഊഷ്മളമാകട്ടെയെന്ന് പരിശുദ്ധ കിറിൽ പാത്രിയർക്കീസ് ബാവാ പറഞ്ഞു. പഠനത്തിനായി റഷ്യയിലെത്തുന്ന വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യമൊരുക്കുമെന്നും പാത്രിയർക്കീസ് ബാവാ അറിയിച്ചു. 


മലങ്കരസഭാധ്യക്ഷൻ റഷ്യയിലെ ലെനിൻ​ഗ്രാഡ് തിയോളജിക്കൽ സെമിനാരിയിൽ പഠിക്കുന്ന കാലത്ത് റെക്ടറായിരുന്നു ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവാ. ആ കാലം മുതലുള്ള സൗഹൃദവും, റഷ്യൻ സഭയുടെ അധ്യക്ഷപദമേൽക്കും മുൻപ് 2006 ൽ കേരളം സന്ദർശിച്ചതിന്റെ ഓർമ്മകളും ഇരുവരും പങ്കുവെച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പരിശുദ്ധ കിറിൽ പാത്രിയർക്കീസ് ബാവായെ പരിശുദ്ധ കാതോലിക്കാ ബാവാ ക്ഷണിച്ചു.

മലങ്കരസഭയുടെ അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് ഡയറക്ടർ ഫാ.അശ്വിൻ ഫെർണാണ്ടസ്, ബാവായുടെ സെക്രട്ടറി ഫാ.​ഗീവർ​ഗീസ് ജോൺസൺ, ജോജോ പി ജോൺ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ എക്യൂമെനിക്കൽ വിഭാ​ഗം പ്രതിനിധികൾ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

Get more updates from Pudukad News on Google