Skip to content
November 25, 2026
⌕

സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യുപി പൊലീസിന് വന്‍ അബദ്ധം. സഹാറന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ അപ്രതീക്ഷിതമായി എത്തിയ ഒവൈസി ഔദ്യോഗിക സല്യൂട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; ഗുരുതര പ്രോട്ടോക്കോള്‍ വീഴ്ചയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

November 22, 2026
Share this post to

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ആളുമാറി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ സംഭവത്തില്‍ യുപി പൊലീസ് പ്രതിക്കൂട്ടില്‍.

ശനിയാഴ്ച രാവിലെ സര്‍ക്യൂട്ട് ഹൗസില്‍ എത്തേണ്ടിയിരുന്ന സുപ്രീം കോടതി ജഡ്ജിക്ക് പകരം എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് പൊലീസ് സംഘം ഔദ്യോഗിക സല്യൂട്ട് നല്‍കുകയായിരുന്നു. ഗുരുതരമായ സുരക്ഷാ-പ്രോട്ടോക്കോള്‍ വീഴ്ചയായി വിലയിരുത്തപ്പെടുന്ന ഈ സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.


രാവിലെ സര്‍ക്യൂട്ട് ഹൗസില്‍ സന്ദര്‍ശനത്തിന് എത്തേണ്ടിയിരുന്ന സുപ്രീം കോടതി ജഡ്ജിയെ സ്വീകരിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു. എന്നാല്‍, ജഡ്ജി എത്തുന്നതിന് തൊട്ടുമുമ്പായി അസദുദ്ദീന്‍ ഒവൈസിയും വാഹനവ്യൂഹവും അപ്രതീക്ഷിതമായി സര്‍ക്യൂട്ട് ഹൗസ് വളപ്പിലേക്ക് പ്രവേശിച്ചു.


വാഹനത്തില്‍ നിന്ന് ഇറങ്ങിയത് സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും, ഒവൈസി ഔദ്യോഗിക ബഹുമതി സ്വീകരിച്ച് നിശ്ചലനായി നില്‍ക്കുകയും ചെയ്തു.

മുന്‍കൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികളുടെ ഭാഗമായല്ല ഒവൈസി സര്‍ക്യൂട്ട് ഹൗസില്‍ എത്തിയതെന്ന് പ്രാദേശിക ഭരണകൂട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം) അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദുമായി ചേര്‍ന്ന് രൂപീകരിച്ച ‘സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച’ എന്ന പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ഒവൈസി സഹാറന്‍പൂരില്‍ എത്തിയത്.


ഒവൈസി പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വലിയ നാണക്കേടായി മാറി. വിവിഐപി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അതിഥി ആരാണെന്ന് പോലും കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തത് വലിയ ജാഗ്രതക്കുറവാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. 


സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീനിയര്‍ റൂറല്‍ എസ്പിയോട് ജില്ലാ പൊലീസ് സൂപ്രണ്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സഹാറന്‍പൂര്‍ പൊലീസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Get more updates from Pudukad News on Google