Skip to content
November 25, 2026
⌕

സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചതിന് പിന്നാലെ ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന് വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂർ; ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന രോഗാവസ്ഥയ്ക്ക് ഇരയായത് മെർക്കുറിയുടെ അളവ് കൂടുതലുള്ള ക്രീം കാരണമെന്ന് കണ്ടെത്തൽ. അപകടകാരിയായ ഇതേ ഉൽപ്പന്നം പല പേരുകളിൽ ഇപ്പോഴും വിപണിയിലും വിദേശത്തും വിൽക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്

November 22, 2026
Share this post to

മലപ്പുറം: വിപണിയില്‍ ലഭ്യമാകുന്ന സൗന്ദര്യവര്‍ദ്ധക ഫെയ്സ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകന്‍ സലീം കോടത്തൂരിന്റെ വെളിപ്പെടുത്തല്‍. 

ഫെയര്‍നെസ് ക്രീമിന്റെ ഉപയോഗം കാരണം 17-കാരിക്ക് സംഭവിച്ചതിന് സമാനമായി താനും ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന അപകടകരമായ വൃക്കരോഗത്തിന് ഇരയായതായി അദ്ദേഹം പറഞ്ഞു.


താന്‍ മുന്‍പ് ഉപയോഗിച്ചിരുന്ന അതേ ക്രീം തന്നെയാണ് ഇപ്പോഴും വിവിധ പേരുകളില്‍ പ്രാദേശിക വിപണികളിലും യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്നതെന്നും സലീം കോടത്തൂര്‍ മുന്നറിയിപ്പ് നല്‍കി.


കാസര്‍കോട് സ്വദേശിയായ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഈ ക്രീം ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുന്ന രീതിയിലുള്ള പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.

എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.


മൂത്രാശയ അണുബാധയ്ക്കും കാലുകളിലും കണ്ണുകളിലും കടുത്ത നീര്‍വീക്കത്തിനും ഇത് കാരണമായി. മാസങ്ങളോളം നീണ്ട ചികിത്സ നടത്തിയിട്ടും രോഗത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശരീരത്തില്‍ നടത്താത്ത വൈദ്യപരിശോധനകള്‍ ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. 


ഒടുവില്‍, കാസര്‍കോട്ടുള്ള സുഹൃത്ത് തന്റെ ഡോക്ടറോട് ഫെയ്സ് ക്രീം ഉപയോഗിക്കുന്ന വിവരം പങ്കുവെച്ചപ്പോഴാണ് ക്രീമില്‍ മെര്‍ക്കുറിയുടെ അളവ് അപകടകരമാംവിധം കൂടുതലാണെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഈ വിവരം തന്റെ ഡോക്ടറെ അറിയിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രോഗകാരണം സ്ഥിരീകരിക്കാന്‍ സാധിച്ചതെന്നും സലീം കോടത്തൂര്‍ വെളിപ്പെടുത്തി.

 

Get more updates from Pudukad News on Google