ചക്കക്കൊമ്പനെ പൂട്ടാന്‍ കുങ്കിയാനകള്‍ ചിന്നക്കനാലില്‍ എത്തും; റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ വനംവകുപ്പ്, ആനയുടെ സഞ്ചാരപഥം 24 മണിക്കൂറും കൃത്യമായി നിരീക്ഷിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായാണ് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത്

ഇടുക്കി: ഒറ്റയാന്‍ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് മുന്നോടിയായി ‘വിക്രം’, ‘ഭരത്’ എന്നീ കുങ്കിയാനകളെ നവംബര്‍ 23 തിങ്കളാഴ്ച ചിന്നക്കനാലില്‍ എത്തിക്കും. ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ആനയുടെ സഞ്ചാരപഥം 24 മണിക്കൂറും കൃത്യമായി നിരീക്ഷിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായാണ് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത്. ഹൈറേഞ്ച് ചീഫ് കണ്‍സര്‍വേറ്റര്‍, മൂന്നാര്‍ ഡിഎഫ്ഒ, വനംവകുപ്പിലെ നാല് വെറ്ററിനറി സര്‍ജന്മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം നടക്കുക. കുങ്കിയാനകളെ എത്തിച്ച ശേഷം ഏതാനും ദിവസം ചക്കക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച അന്തിമ നടപടികളിലേക്ക് കടക്കുക.
അതേസമയം, ഇടുക്കിയില്‍ വന്യജീവി ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ കാട്ടാന പടയപ്പയുടെ ആക്രമണമുണ്ടായി. മൂന്ന് വഴിയോരക്കടകള്‍ തകര്‍ത്ത ആന പഴവര്‍ഗങ്ങളടക്കം തിന്നു നശിപ്പിച്ചു. എന്നാല്‍, തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ‘പടയപ്പ ടീസ്റ്റാള്‍’ എന്ന കടയ്ക്ക് നേരെ മാത്രം ആന ആക്രമണം നടത്തിയില്ലെന്നത് കൗതുകമായി.




