Skip to content
November 25, 2026
⌕

ഇ എം രാധയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു

November 24, 2026
Share this post to

കുവൈറ്റ് സിറ്റി: എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായിരുന്ന ഇ എം രാധയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

മുൻ മുഖ്യമന്ത്രി ഇ എം എസിന്റെയും ആര്യ അന്തർജനത്തിന്റെയും മകളായ ഇ എം രാധ സാഹിത്യ–സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു. എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച അവർ സ്ത്രീകളുടെയും വയോജനങ്ങളുടെയും അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചു. വനിതാ കമീഷൻ അംഗമായും വയോജന കമീഷൻ അംഗമായും നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.


ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ച അവർ മാധ്യമരംഗത്തും തന്റേതായ സംഭാവനകൾ നൽകി. ഇ എം എസിന്റെ ജീവിതത്തെയും ഓർമകളെയും മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച പുസ്തകവും അവരുടെ സാഹിത്യസംഭാവനകളിൽ ശ്രദ്ധേയമാണ്.


പുരോഗമന സാമൂഹിക–സാംസ്കാരിക രംഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഇ എം രാധയുടെ വിയോഗം കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്ന് കല കുവൈറ്റ് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു

Get more updates from Pudukad News on Google