Skip to content
November 25, 2026
⌕

അയര്‍ലണ്ടിന് നഴ്സുമാരെ വേണം, നിയമനത്തിന് അനുമതിയില്ല; കളി കളിച്ച എച്ച്എസ്ഇ മേധാവിയെ പുറത്താക്കി

November 25, 2026
Share this post to

ഡബ്ലിന്‍: കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷാമത്തെച്ചൊല്ലി ആരംഭിച്ച തര്‍ക്കം അയര്‍ലണ്ടിലെ ആരോഗ്യവകുപ്പിന്റെ ഉന്നതതല ഭരണപ്രതിസന്ധിയില്‍ കലാശിച്ചിരിക്കുകയാണ്. എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ ഒ’കോണറെ തിങ്കളാഴ്ച ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്നു നീക്കിയതോടെ ആരോഗ്യരംഗത്തെ നിയമന നിയന്ത്രണങ്ങളും രോഗികളുടെ സുരക്ഷയും വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാവുകയാണ്.

പ്രതിവര്‍ഷം നാലുലക്ഷം യൂറോ ശമ്പളമുള്ള പദവിയില്‍ ചുമതലയേറ്റ് ഒരു വര്‍ഷം തികയുംമുന്‍പാണ് ഒ’കോണറുടെ പുറത്താക്കല്‍. സ്ഥാപനത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് അവരുടെ സേവനം അവസാനിപ്പിച്ചതെന്നാണ് എച്ച്എസ്ഇ ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ പുറത്താക്കലിന്റെ കൃത്യമായ കാരണം ബോര്‍ഡ് പരസ്യപ്പെടുത്തിയിട്ടില്ല.

തുടക്കം കോര്‍ക്കില്‍; ജീവനക്കാരില്ലെങ്കില്‍ രോഗികളുടെ സുരക്ഷ ആര് ഉറപ്പാക്കും?

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ജെന്നിഫര്‍ കിയേര്‍ണി കഴിഞ്ഞ ഓഗസ്റ്റില്‍ ഉന്നയിച്ച ഗുരുതരമായ ആശങ്കകളാണ് ഇപ്പോഴത്തെ വിവാദത്തിന്റെ തുടക്കം.

ആശുപത്രിയില്‍ ആയിരത്തോളം ജീവനക്കാരുടെ കുറവുണ്ടെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ മുന്നോട്ടുപോകുന്നത് രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ശൈത്യകാലത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാനാവില്ലെന്നായിരുന്നു അവരുടെ വാദം.

എന്നാല്‍ ആശുപത്രി ആവശ്യപ്പെടുന്ന മുഴുവന്‍ ജീവനക്കാരെയും അനുവദിക്കുന്നതിന് സാമ്പത്തികവും ഭരണപരവുമായ തടസ്സങ്ങളുണ്ടായിരുന്നു. ആശുപത്രിയുടെ ആവശ്യകതകളും എച്ച്എസ്ഇയുടെ സാമ്പത്തിക നിയന്ത്രണങ്ങളും തമ്മിലുള്ള തര്‍ക്കം വൈകാതെ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.

വിവാദത്തിന് തിരികൊളുത്തി ആന്‍ഡി ഫിലിപ്‌സ്

കോര്‍ക്ക്, കെറി കൗണ്ടികളിലെ ആരോഗ്യസേവനങ്ങളുടെ ചുമതലയുള്ള എച്ച്എസ്ഇ സൗത്ത് വെസ്റ്റ് റീജനല്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ആന്‍ഡി ഫിലിപ്‌സിന്റെ ഇടപെടലാണ് വിവാദത്തിന്റെ ഗതി മാറ്റിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ആശുപത്രി നേതൃത്വവുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്റെയും ആരോഗ്യമന്ത്രി ജെന്നിഫര്‍ കാരള്‍ മക്നീലിന്റെയും ഓഫീസുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് താന്‍ സംസാരിക്കുന്നതെന്ന് ഫിലിപ്‌സ് അവകാശപ്പെട്ടു.

ജീവനക്കാരുടെ ക്ഷാമവും രോഗികളുടെ സുരക്ഷയും സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ച ആശുപത്രി നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇതോടെ ഉയര്‍ന്നത്.

യോഗത്തിലെ സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയ വിവാദമായി വളര്‍ന്നു. തങ്ങളുടെ ഓഫീസുകളില്‍നിന്ന് അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കി.

തുടര്‍ന്ന് നവംബര്‍ ഏഴിന് ഫിലിപ്‌സ് തന്റെ പ്രസ്താവന പിന്‍വലിക്കുകയും നിരുപാധികം മാപ്പുപറയുകയും ചെയ്തു.

ഫിലിപ്‌സിനെ കൈവിടാതെ എച്ച്എസ്ഇ മേധാവി

ഫിലിപ്‌സ് മാപ്പുപറഞ്ഞതോടെ വിവാദം അവസാനിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ ഒ’കോണര്‍ സ്വീകരിച്ച നിലപാട് പുതിയ വിവാദത്തിന് വഴിതുറന്നു.

നവംബര്‍ 15ന് ആര്‍ടിഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫിലിപ്‌സില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ഒ’കോണര്‍ വ്യക്തമാക്കി. യോഗത്തിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിലിപ്‌സ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന വിശദീകരണവും അവര്‍ നല്‍കി.

യോഗത്തിലെ സംഭാഷണം റെക്കോര്‍ഡ് ചെയ്തതിനെക്കുറിച്ചും അവര്‍ ചോദ്യമുയര്‍ത്തി. കോര്‍ക്ക് ആശുപത്രിയിലെ ഭരണനേതൃത്വം ഫലപ്രദമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനവും ഒ’കോണര്‍ ഉന്നയിച്ചു.

രോഗികളുടെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആശുപത്രി മേധാവിയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുപകരം വിവാദത്തിലകപ്പെട്ട റീജനല്‍ മേധാവിയെ എച്ച്എസ്ഇ നേതൃത്വം പിന്തുണയ്ക്കുകയാണോ എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്.

പാര്‍ലമെന്ററി സമിതിയില്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍

നവംബര്‍ 18ന് പാര്‍ലമെന്ററി ആരോഗ്യസമിതിക്കു മുന്നില്‍ ഹാജരായ ആന്‍ ഒ’കോണറോട് ജനപ്രതിനിധികള്‍ വിശദീകരണം തേടി.

ആന്‍ഡി ഫിലിപ്‌സില്‍ ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഒ’കോണര്‍ തയാറായില്ല.

അതിലേറെ ശ്രദ്ധേയമായത്, വിവാദം ഇത്രയേറെ രൂക്ഷമായിട്ടും സെപ്റ്റംബറിനുശേഷം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി മേധാവി ജെന്നിഫര്‍ കിയേര്‍ണിയുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന ഒ’കോണറുടെ വെളിപ്പെടുത്തലായിരുന്നു.

രാജ്യത്തെ പ്രധാന ആശുപത്രികളിലൊന്നിന്റെ മേധാവി രോഗികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ മുന്നറിയിപ്പു നല്‍കിയിട്ടും ദേശീയ ആരോഗ്യവകുപ്പ് മേധാവി നേരിട്ട് ഇടപെട്ടില്ലെന്ന വിമര്‍ശനത്തിന് ഇത് വഴിവച്ചു.

പാര്‍ലമെന്ററി സമിതിയിലെ വിശദീകരണത്തിന് അഞ്ചു ദിവസത്തിനുശേഷമാണ് എച്ച്എസ്ഇ ബോര്‍ഡ് ഒ’കോണറുടെ സേവനം അവസാനിപ്പിച്ചത്.

വിവാദത്തിന് തുടക്കമിട്ട ആന്‍ഡി ഫിലിപ്‌സ് സ്ഥാനത്ത് തുടരുമ്പോള്‍ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥയായ ആന്‍ ഒ’കോണര്‍ പുറത്താക്കപ്പെട്ടുവെന്നതാണ് സംഭവത്തിലെ ശ്രദ്ധേയമായ വൈരുധ്യം.

പ്രതിസന്ധി കോര്‍ക്കില്‍ മാത്രമല്ല

അയര്‍ലണ്ടിലെ ആരോഗ്യരംഗത്തെ ജീവനക്കാരുടെ ക്ഷാമം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഡബ്ലിന്‍, ലിമറിക്ക്, ഗോള്‍വേ, വാട്ടര്‍ഫോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ ആശുപത്രികളിലും ജീവനക്കാരുടെ ലഭ്യതയും വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണവും തമ്മിലുള്ള അന്തരം വലിയ വെല്ലുവിളിയാണ്.

രാജ്യത്തെ എല്ലാ ആശുപത്രികളിലും ഒരേ തോതില്‍ ജീവനക്കാരുടെ ക്ഷാമമുണ്ടെന്ന് പറയാനാവില്ലെങ്കിലും അടിയന്തര ചികിത്സാവിഭാഗങ്ങള്‍, വയോജന പരിചരണം, മാനസികാരോഗ്യ സേവനങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസുകള്‍ തുടങ്ങിയ മേഖലകളില്‍ ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കുന്നത് വെല്ലുവിളിയായി തുടരുന്നു.

ആശുപത്രികളിലെ ട്രോളികളില്‍ ചികിത്സ കാത്തുകഴിയുന്ന രോഗികള്‍, നീണ്ട ശസ്ത്രക്രിയാ കാത്തിരിപ്പു പട്ടികകള്‍, ജീവനക്കാരുടെ അധിക ജോലിഭാരം എന്നിവയെല്ലാം ആരോഗ്യരംഗത്തെ പ്രതിസന്ധിയുടെ വിവിധ മുഖങ്ങളാണ്.

ജനസംഖ്യ വര്‍ധിക്കുന്നതും വയോജനങ്ങളുടെ എണ്ണം കൂടുന്നതും ചികിത്സാ സേവനങ്ങള്‍ക്കുള്ള ആവശ്യം ഉയരുന്നതും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിയമനം അനിവാര്യമാക്കുന്നുണ്ട്.

ജീവനക്കാരെ വേണം; പക്ഷേ നിയമനത്തിന് നിയന്ത്രണം

ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ നിയമനങ്ങള്‍ക്ക് കടുത്ത പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ ആറ് ആരോഗ്യ റീജനുകളില്‍ നാലെണ്ണത്തില്‍ സാമ്പത്തിക നിയന്ത്രണവും നിയമനങ്ങളുടെ മേല്‍നോട്ടവും ശക്തമാക്കിയിട്ടുണ്ട്.

എച്ച്എസ്ഇ ഡബ്ലിന്‍ ആന്‍ഡ് സൗത്ത് ഈസ്റ്റ്, ഡബ്ലിന്‍ ആന്‍ഡ് മിഡ്ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് ആന്‍ഡ് നോര്‍ത്ത് വെസ്റ്റ് എന്നീ റീജനുകളിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുള്ളത്.

ഔദ്യോഗികമായി സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ തസ്തികകള്‍ അനുവദിക്കുന്നതിനും ഒഴിവുകള്‍ നികത്തുന്നതിനും സ്ഥാനക്കയറ്റങ്ങള്‍ നടപ്പാക്കുന്നതിനും കൂടുതല്‍ അനുമതികളും പരിശോധനകളും ആവശ്യമായി വരുന്നത് നിയമന നടപടികള്‍ വൈകാന്‍ കാരണമാകുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യത്തിന് ഇല്ലെന്ന് ആശുപത്രികള്‍ പരാതിപ്പെടുമ്പോള്‍ത്തന്നെ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് സാമ്പത്തിക അനുമതി ലഭിക്കാത്ത സാഹചര്യം ആരോഗ്യരംഗത്തെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ നഴ്സുമാരും ആശങ്കയില്‍

എച്ച്എസ്ഇയിലെ നിയമന നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള നഴ്സുമാരെയും ബാധിക്കുന്നുണ്ട്. പ്രാഥമിക ഇന്റര്‍വ്യൂകള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുന്നവരും നിയമന നടപടികളുടെ വിവിധ ഘട്ടങ്ങളിലുള്ളവരും അനിശ്ചിതത്വത്തിലാണ്.

അയര്‍ലണ്ടിലെ ആശുപത്രികളില്‍ നഴ്സുമാരുടെ ആവശ്യകത നിലനില്‍ക്കുന്നുണ്ടെങ്കിലും ഓരോ നിയമനത്തിനും ആവശ്യമായ സാമ്പത്തിക അനുമതിയും അംഗീകൃത ഒഴിവുകളും ലഭ്യമാകേണ്ടതുണ്ട്.

എച്ച്എസ്ഇയുടെ നേതൃമാറ്റം നിയമന നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമോ എന്നതാണ് വിദേശ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

കോടികളുടെ അധിക ചെലവ്; സര്‍ക്കാരിനും സമ്മര്‍ദം

ഏകദേശം 29 ബില്യണ്‍ യൂറോയുടെ ബജറ്റുമായി പ്രവര്‍ത്തിക്കുന്ന എച്ച്എസ്ഇയുടെ സാമ്പത്തിക നിയന്ത്രണവും സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. ആരോഗ്യരംഗത്തെ അധിക ചെലവുകള്‍ നേരിടുന്നതിനായി കഴിഞ്ഞയാഴ്ച 780 മില്യണ്‍ യൂറോയുടെ അധിക സാമ്പത്തിക സഹായത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ഒരു വശത്ത് ചെലവുകള്‍ നിയന്ത്രിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം; മറുവശത്ത് രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന ആശുപത്രികളുടെ ആവശ്യം. ഇവ രണ്ടും എങ്ങനെ ഏകോപിപ്പിക്കുമെന്നതാണ് പുതിയ നേതൃത്വത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

പുറത്താക്കലിനെതിരെ നിയമപോരാട്ടത്തിന് ഒ’കോണര്‍

തന്നെ സ്ഥാനത്തുനിന്നു നീക്കിയ നടപടി നീതിയുക്തമല്ലെന്നാണ് ആന്‍ ഒ’കോണറുടെ പ്രതികരണം. നടപടിക്രമങ്ങളിലെ നീതിയും സുതാര്യതയും പാലിച്ചിട്ടില്ലെന്നും തന്റെ പ്രൊഫഷനല്‍ അഭിമാനം സംരക്ഷിക്കാന്‍ ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നടപടിയെ ചോദ്യം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം എച്ച്എസ്ഇ ബോര്‍ഡിന്റെ നടപടിക്കെതിരെയും വിമര്‍ശനം ശക്തമാവുകയാണ്. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ എച്ച്എസ്ഇ ബോര്‍ഡ് രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഡാമിയന്‍ മക്കാലിയനാണ് ഇടക്കാല മേധാവിയുടെ ചുമതല വഹിക്കുക.

ഡിസംബര്‍ മൂന്നിന് ആന്‍ഡി ഫിലിപ്‌സിനെയും ജെന്നിഫര്‍ കിയേര്‍ണിയെയും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ വിളിച്ചുവരുത്തുന്നതോടെ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Get more updates from Pudukad News on Google