കോഴിത്തീറ്റവില കുതിച്ചുയരുന്നു; നികുതിഭാരവും തിരിച്ചടിയായതോടെ സംസ്ഥാനത്തെ കോഴിവളർത്തൽ മേഖല കടുത്ത പ്രതിസന്ധിയിൽ. കോഴിത്തീറ്റവിലയിൽ ശരാശരി 55.19% വിലവർധനവാണ് ഉണ്ടായിരിക്കുന്നത്

കോട്ടയം: ഇ-20 എഥനോൾ നയത്തെത്തുടർന്നുണ്ടായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും അമിത നികുതിഭാരവും കാരണം സംസ്ഥാനത്തെ കോഴിവളർത്തൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്.
കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുകയും ഉൽപാദനച്ചെലവ് താങ്ങാനാവാത്ത വിധം വർധിക്കുകയും ചെയ്തതോടെ ചെറുകിട-ഇടത്തരം കോഴിഫാമുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
കഴിഞ്ഞ നാല് മാസത്തിനിടെ കോഴിത്തീറ്റവിലയിൽ കിലോയ്ക്ക് ശരാശരി 55.19% വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാരിന്റെ ഇ-20 നയത്തിന്റെ ഭാഗമായി, കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളം വൻതോതിൽ എഥനോൾ ഉൽപാദനത്തിനായി വകമാറ്റുന്നതാണ് തീറ്റവില കുതിച്ചുയരാൻ പ്രധാന കാരണമായത്. ഇതോടെ അസംസ്കൃത വസ്തുക്കൾക്ക് വിപണിയിൽ കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെടുകയാണ്.
50 കിലോ തീറ്റബാഗിന്റെ പ്രീ-സ്റ്റാർട്ടർ 1,800 രൂപയായിരുന്നത് 2,750 രൂപയായി വർധിച്ചു.സ്റ്റാർട്ടർ 1,750 രൂപയായിരുന്നത് 2,715 രൂപയായും ഫിനിഷർ 1,700 രൂപയായിരുന്നത് 2,680രൂപയായും വർധച്ചിട്ടുണ്ട്.
തീറ്റവില വർധനവിന് പുറമെ വിവിധ നികുതികളും കർഷകരുടെ നടുവൊടിക്കുകയാണ്. ലേബർ സെസ്, വൺ ടൈം ടാക്സ് തുടങ്ങിയ നികുതികൾ ഫാം ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഉൽപാദനച്ചെലവിന് ആനുപാതികമായി വിപണിയിൽ ഇറച്ചിക്കോഴിക്ക് വില ലഭിക്കാത്തതും കർഷകരെ വലിയ കടക്കെണിയിലാക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ നൂറുകണക്കിന് ചെറുകിട കർഷകരാണ് ഈ മേഖല ഉപേക്ഷിക്കുന്നത്.




