നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്ക് ശേഷം പുതിയ സംഗീതാവിഷ്കാരവുമായി ‘നങ്ങേലി റീബോൺ’ | Nangeli Reborn music video

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അക്കപ്പെല്ല സംഗീതാവിഷ്കാരത്തിലൂടെ ശ്രദ്ധ നേടിയ ‘നങ്ങേലി’ക്ക് പുതിയ രൂപവും ഭാവവും. ഗായകൻ വിധു പ്രതാപിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാൻഡായ ‘ഇറ്റ്സ് വിധു പ്രതാപ്’ ആണ് ‘നങ്ങേലി റീബോൺ’ എന്ന പേരിൽ ഗാനം വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ബാൻഡിന്റെ ആദ്യ മ്യൂസിക് വിഡിയോ എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. (Nangeli Reborn music video)
പഴയ പതിപ്പിൽ ദീപ്തി വിധു പ്രതാപായിരുന്നു നങ്ങേലിയായി എത്തിയത്. പുതിയ സംഗീതാവിഷ്കാരത്തിൽ നടി നിഖില വിമലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്കപ്പെല്ല ശൈലിയിൽ പുറത്തിറങ്ങിയ പഴയ ഗാനത്തിൽ നിന്ന് വ്യത്യസ്തമായി ഫോക്ക് റോക്ക് സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ബാൻഡ് അംഗങ്ങൾ സംഗീതോപകരണങ്ങൾ വായിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം നിഖിലയുടെ നങ്ങേലി കഥാപാത്രത്തിന് ഫാന്റസി സ്വഭാവത്തിലുള്ള ദൃശ്യാവിഷ്കാരവും നൽകിയിട്ടുണ്ട്.
എസ്. രമേശൻ നായരുടെ വരികൾക്ക് മനു രമേശനാണ് സംഗീതം നൽകിയിരിക്കുന്നത്. പുതിയ പതിപ്പിന്റെ സംഗീതാവിഷ്കാരവും ആലാപനവും ‘ഇറ്റ്സ് വിധു പ്രതാപ്’ ബാൻഡാണ് നിർവഹിച്ചത്. ഗാനത്തിന്റെ ആശയാവിഷ്കാരവും നിർമ്മാണവും ദീപ്തി വിധു പ്രതാപിന്റേതാണ്.
വിധു പ്രതാപിനൊപ്പം നിഹാൽ ആസാദ്, ജോസി ജോൺ, അബിൻ സാഗർ, നെഖീബ് ഷാ, ശങ്കരൻ, ഹരികൃഷ്ണൻ, ജൂബിൻ, അമൽ രാജ് എന്നിവരും ബാൻഡിന്റെ ഭാഗമാണ്. മനു ഹസ്സൻ സംവിധാനം ചെയ്ത മ്യൂസിക് വിഡിയോയുടെ ഛായാഗ്രഹണം ജാഫർ സാദിഖും എഡിറ്റിങ് സായ് ശങ്കറും നിർവഹിച്ചു. മാനിഷാദ ഇൻഡിയാണ് നിർമ്മാണം.
Summary: The music band It’s Vidhu Prathap has released a new version of the song Nangeli, titled Nangeli Reborn, 12 years after the original a cappella rendition. Actress Nikhila Vimal appears as Nangeli in the new folk-rock music video, with lyrics by S. Ramesan Nair and music by Manu Ramesan.




