Skip to content
November 25, 2026
⌕

ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം 28-ന്

November 25, 2026
Share this post to

ചാവക്കാട്: ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ തത്ത്വമസി ഗള്‍ഫ് നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും 28-ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മഹാഗണപതിഹോമത്തോടെ ദേശവിളക്ക് ആരംഭിക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഭക്തജനങ്ങള്‍ക്ക് വിളക്ക് പന്തലില്‍ ദര്‍ശനസൗകര്യം ഉണ്ടാകും.

വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തിരുവത്ര ഗ്രാമകുളം കാര്‍ത്യായനി ഭഗവതിക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. 500 താലം, തങ്കരഥം, ഉടുക്ക് പാട്ട്, ചിന്തുപ്പാട്ട്, കാവടികള്‍, നാദസ്വരം, പഞ്ചവാദ്യം, ആന, നാടന്‍ കലാരൂപങ്ങള്‍, തുളളല്‍ എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി പത്തിന് മുമ്പ് വിശ്വനാഥക്ഷേത്രത്തിലെത്തും. ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുശേഷം ഭജനമണ്ഡലി ഗുരുവായൂരിന്റെ ഭക്തിഗാനമേള അരങ്ങേറും. തുടര്‍ന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുതട എന്നിവ ഉണ്ടാകും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കും രാത്രിയിലും പതിനായിരം പേര്‍ക്ക് അന്നദാനം നല്‍കും.

തത്ത്വമസി ഗള്‍ഫ് ഭാരവാഹികളായ സ്ഥാപകന്‍ എന്‍.ബി ബിനീഷ് രാജ്, പ്രസിഡന്റ് രഞ്ജിത്ത് ശിവരാമന്‍, പ്രവര്‍ത്തന സമിതി അംഗം എന്‍.വി ഷിജിത്ത്, ഗുരുപാദപുരി അയ്യപ്പ സേവാസംഘം ഭാരവാഹികളായ ചെയര്‍മാന്‍ ഡോ. പി.വി മധുസൂദനന്‍, കണ്‍വീനര്‍ എന്‍.വി. മധു, ഖജാന്‍ജി എന്‍.കെ. പുഷ്പദാസ്, കെ.കെ. ശങ്കരനാരായണന്‍, എന്‍.കെ. ബാലകൃഷ്ണന്‍, കെ.എസ്. വിശ്വനാഥന്‍ എന്‍.കെ. സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Get more updates from Pudukad News on Google