Skip to content
November 25, 2026
⌕

വന്ദേമാതരം ആലപിച്ചപ്പോള്‍ എഴുന്നേറ്റുനിന്നു; ഒടുവില്‍ കശ്മീരിലെ മുസ്ലിം പണ്ഡിതന്മാര്‍ പശ്ചാത്താപം പ്രകടിപ്പിച്ച് രംഗത്ത്, എന്താണ് യാഥാര്‍ഥത്തില്‍ സംഭവിച്ചത്

November 25, 2026
Share this post to

വന്ദേമാതരം ആലപിച്ചപ്പോള്‍ എഴുന്നേറ്റുനിന്നു; ഒടുവില്‍ കശ്മീരിലെ മുസ്ലിം പണ്ഡിതന്മാര്‍ പശ്ചാത്താപം പ്രകടിപ്പിച്ച് രംഗത്ത്, എന്താണ് യാഥാര്‍ഥത്തില്‍ സംഭവിച്ചത്

ജമ്മു കശ്മീരിലെ വഖഫ് ബോര്‍ഡ് പരിപാടിക്കിടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചപ്പോള്‍ എഴുന്നേറ്റു നിന്നതിന് പിന്നാലെ, പശ്ചാത്താപം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കശ്മീരിലെ ഒരു വിഭാഗം മുസ്ലീം മതപണ്ഡിതന്മാര്‍.

തിങ്കളാഴ്ച ശ്രീനഗറില്‍ നടന്ന ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ആദ്യ ‘വഖഫ് ദിന’ പരിപാടിയിലാണു വിവാദങ്ങളുടെ തുടക്കം. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു മുഖ്യാതിഥിയായ ചടങ്ങില്‍, വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഡസന്‍ കണക്കിന് ഇമാമുമാരും മതപണ്ഡിതന്മാരും ഗീതം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു.

ബിജെപി നേതാവ് ദരഖ്ഷന്‍ അന്ദ്രാബിയാണ് ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്തുള്ളത്. ഹസ്രത്ത്ബാല്‍ ദര്‍ഗ ഉള്‍പ്പെടെയുള്ള പ്രമുഖ പള്ളികളുടെയും ആരാധനാലയങ്ങളുടെയും ഭരണം നിയന്ത്രിക്കുന്നത് ഈ ബോര്‍ഡാണ്. ചടങ്ങില്‍ ഇമാമുമാര്‍ എഴുന്നേറ്റു നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ, സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മതപണ്ഡിതന്മാര്‍ മാപ്പു ചോദിച്ച് രംഗത്തെത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് അവര്‍ മാപ്പ് അപേക്ഷിച്ചത്. വിശ്വാസം പുതുക്കുന്നതിന്റെ ഭാഗമായി ഇവര്‍ ‘കലിമ’ ചൊല്ലുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു.

വന്ദേമാതരത്തിലെ വരികള്‍ മാതൃഭൂമിയെ ദേവതയായി വാഴ്ത്തുന്നതാണെന്നും, ഇത് ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തിന് എതിരാണെന്നുമാണ് മതപണ്ഡിതന്മാരുടെ നിലപാട്. രാജ്യസ്‌നേഹവും രാജ്യത്തെ ആരാധിക്കുന്നതും രണ്ടാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മതപണ്ഡിതന്മാരുടെ മാപ്പപേക്ഷയെ പ്രമുഖ പണ്ഡിതര്‍ സ്വാഗതം ചെയ്‌തെങ്കിലും, സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ‘മുസ്ലീം മജ്ലിസ്-ഇ-ഉലമ’.

ഔദ്യോഗിക ചടങ്ങാണെങ്കില്‍ പോലും വന്ദേമാതരം ആലപിക്കണമെന്ന് നിയമപരമായ നിര്‍ബന്ധമില്ലായിരുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. മുസ്ലീം മതസ്ഥാപനങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ട വഖഫ് ബോര്‍ഡ് തന്നെ, വിശ്വാസികളുടെ വികാരങ്ങളെ അവഗണിച്ച് ഇത്തരമൊരു നടപടി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും, ഇത് കശ്മീരിലെ ജനങ്ങള്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഈ വിവാദങ്ങളോട് വഖഫ് ബോര്‍ഡോ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get more updates from Pudukad News on Google