ജെ.എസ്. അഖിൽ യൂസ്ലെസ് ആണ് എന്ന യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ പ്രസ്താവനയെ തള്ളി ചാണ്ടി ഉമ്മൻ എം.എൽ.എ. ജെ.എസ്. അഖിലിന് വർഷങ്ങളുടെ പാർട്ടി പ്രവർത്തന പാരമ്പര്യമുണ്ട്. 2021-ൽ കഴക്കൂട്ടം സീറ്റിലേക്ക് ഉമ്മൻ ചാണ്ടി ജെ.എസ്. അഖിലിനെ നോമിനേറ്റ് ചെയ്തിരുന്നു. മറ്റൊരാളെ മോശക്കാരനാക്കിയിട്ട് എന്താണ് നേട്ടം എന്നും ചാണ്ടി ഉമ്മൻ

കോട്ടയം : ജെ. എസ്. അഖിലിനെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആകണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിട്ടുണ്ടായിരുന്നു, ഇപ്പോൾ കഴിഞ്ഞുപോയ കാര്യങ്ങൾ കഴിഞ്ഞുപോയി എന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ.
ഉമ്മൻ ചാണ്ടിയെ കൺസൾട്ട് ചെയ്തോ, അദ്ദേഹത്തിന്റെ അഭിപ്രായം തേടിയോ, അദ്ദേഹത്തിന്റെ ഇൻട്രസ്റ്റ് എന്തായിരുന്നു എന്നൊക്കെ ഇനി നോക്കിയിട്ട് കാര്യമുണ്ടോ. നമുക്ക് കൂടുതൽ പ്രശ്നങ്ങളിലേക്കും കൂടുതൽ കോംപ്ലിക്കേഷൻസിലേക്കും പോകാം എന്നുള്ളതല്ലാതെ എന്താ നേട്ടം. കഴിഞ്ഞുപോയത് കഴിഞ്ഞുപോയി.
എല്ലാവരും ഓർക്കേണ്ടത് ഈ പാർട്ടിക്ക് ഒരു സംസ്കാരമുണ്ട്. ആ സംസ്കാരം വിട്ട് ആരും സംസാരിക്കരുത്. അത് സൈബർ ഇടത്തിലാണെങ്കിലും പൊതു ഇടത്തിലാണെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിലാണെങ്കിലും. ഈ മൂന്ന് ഇടമാണ് ഇന്നിപ്പം മലിമസമായിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് തലം തൊട്ട് ഏറ്റവും മുകളിൽ വരെ ഇപ്പോൾ ഉള്ള ഒരു പ്രശ്നമാണിത്.
ഞാൻ പറയുന്നത് മറ്റൊരാളെ മോശക്കാരനാക്കി കാണിച്ചുകൊണ്ട് എന്താ നേട്ടം? എന്നു ജെ.എസ്. അഖിൽ യൂസ്ലെസ് ആണ് എന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ പ്രസ്താവനയെ തള്ളി ചാണ്ടി ഉമ്മൻ ചോദിച്ചു.
എന്റെ പിതാവ് ജീവിച്ചിരുന്നപ്പോൾ കഴക്കൂട്ടം സീറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിച്ച ഒരു വ്യക്തിയാണ് അഖിൽ. അഖില് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. അദ്ദേഹം സമരങ്ങളിൽ പങ്കെടുത്തും ഒക്കെ വന്നു ഒരു നേതാവാണ്.
അപ്പൊ നമുക്ക് അറിയില്ലല്ലോ, ചിലപ്പോൾ നമ്മൾ ആ പാർട്ടി കണ്ടു കാണത്തില്ല ഇദ്ദേഹം പ്രവർത്തിച്ചപ്പോൾ. അപ്പൊ അതുകൊണ്ട് നമുക്ക് ആരെയും അങ്ങനെ വിലകുറച്ചു കാണാതിരിക്കാം.
ഗ്രൂപ്പിനപ്പുറം ചില കാര്യങ്ങൾ പൊതുജീവിതത്തിൽ പാലിക്കണം, ആദർശം ഉണ്ടാകണം എന്ന് വിചാരിക്കുന്ന ഒരു കൂട്ടം ആൾക്കാരാണ് ‘എ’ വിഭാഗം എന്ന് പറയുന്നത്. ആദർശം വാക്കിലും പ്രവർത്തിയിലും വേണം. ആദർശം നിലനിർത്താൻ എ.കെ. ആന്റണി ജീവിതം കൊണ്ട് നമ്മുടെ മുന്നിൽ തെളിയിച്ച ആളാണ്.
ഷാഫി പറമ്പിൽ എ ഗ്രൂപ്പിൽ ഉണ്ടോ എന്ന ചോദ്യത്തിന് ഞാനിപ്പോ ഒരാളെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ എങ്ങനെ പറയും?. അവർക്ക് അങ്ങനെ വിശ്വാസമുണ്ടെങ്കിൽ ഞാൻ എങ്ങനെ അവരെ തള്ളിപ്പറയും. അത് തള്ളിപ്പറയുന്നത് ശരിയല്ല എന്നും ചാണ്ടിയും ഉമ്മൻ പറഞ്ഞു.
പാർട്ടിയിൽ ചില കാര്യങ്ങൾ സമന്വയത്തിന്റെ പാതയിൽ തന്നെ പോകും. ചില കാര്യങ്ങൾ തർക്കങ്ങൾ ഉണ്ടാകാം, അതെല്ലാം പരിഹരിക്കും, സമന്വയം വരുമെന്നും ചാണ്ടി പറഞ്ഞു.




