Skip to content
November 26, 2026
⌕

”കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കില്ല”; ട്രാക്ക് വിട്ടാൽ കർശന നടപടിയുണ്ടാകും. ജെൻസി കാലഘട്ടത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല: കെ.മുരളീധരൻ

November 26, 2026
Share this post to

കണ്ണൂർ: കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ടാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ.മുരളീധരൻ. 

അക്രമവും കൊലവിളിയും കാരണമാണ് നിലവിലെ സീറ്റ് പോലും ആ പാർട്ടിക്ക് കൈവിട്ടുപോയത്. ജെൻസി കാലഘട്ടത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല. 

ഇത്തരം നിലപാടുകൾ ആ പാർട്ടിയെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്നും കെ.മുരളീധരൻ വ്യക്തമാക്കി. സിപിഎം നേതാവും മുൻ എംഎൽഎയുമായി ടി.മധുസൂദനൻ്റെ പ്രകോപനപരമായ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾ പഴയകാലത്തെ തുരുമ്പിച്ച കാര്യങ്ങളാണ്. “കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല, കോടതി വെറുതെ വിട്ടവർ ഇന്ന് ഈ ഭൂമിയിലില്ല” എന്നൊക്കെയുള്ള വാദങ്ങളുടെ കാലം കഴിഞ്ഞുപോയതാണ്. അത്തരം ചുമതലയൊന്നും ആർക്കും നൽകിയിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.


ധനരാജ് വധക്കേസിൽ വിധി വന്നതിന് പിന്നാലെ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സിപിഎം നേതാക്കളും എംപിമാരുമടക്കം വിവിധ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. വിധി ശരിയല്ലെന്നും വിധിയെയും ജഡ്ജിയെയും ചോദ്യം ചെയ്യുന്ന രീതിയിലുമാണ് കാര്യങ്ങൾ പോകുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.

യുഡിഎഫിനെ സംബന്ധിച്ച് ഏറ്റവും ദുഃഖം നൽകിയ വിധിയാണ് അരിയിൽ ഷുക്കൂർ കേസിലേത്. യഥാർഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിലാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിലും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. നമ്മൾ വിചാരിക്കുന്നതുപോലെ എല്ലാം നടക്കണമെന്നില്ല. കൊലവിളികൾ ആ പാർട്ടിയെ നാശത്തിലേക്ക് നയിക്കും. 

ഒരു ചെറുപ്പക്കാരനെ നടുറോഡിൽ തല്ലിക്കൊന്ന കേസിലെ വിധിയിൽ യുഡിഎഫിന് ദുഃഖമുണ്ടെങ്കിലും കോടതിയോട് ബഹുമാനമില്ലാതെ പെരുമാറാനാകുമോ എന്നും അത് ജനാധിപത്യമാണോ എന്നും മന്ത്രി ചോദിച്ചു.

Get more updates from Pudukad News on Google