Skip to content
November 27, 2026
⌕

മദ്യവ്യാപനത്തിന് ഇടയാക്കുന്ന നിർദ്ദേശങ്ങളില്ലാതെ യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റില്ല. ബാറുകളുടെ പ്രവർത്തന സമയം ഒരുമണിക്കൂർ കുറച്ച് രാത്രി 11വരെയാക്കും. ടൂറിസം കേന്ദ്രങ്ങളിൽ ഇളവുണ്ടാവും. ഡ്രൈ ഡേകളിൽ കള്ള് ഷാപ്പുകൾക്ക് ഇളവുണ്ടാവില്ല. പുതിയ ബാർ ലൈസൻസ് ഫോർ സ്റ്റാറിന് മുകളിലേക്ക് മാത്രം. മദ്യശാലകളുടെ എണ്ണം കൂടുന്നത് പ്രോത്സാഹിപ്പിക്കില്ല. വിവാദങ്ങൾക്ക് വഴിതുറക്കാതെ യു.ഡി.എഫിന്റെ മദ്യനയം വരുന്നു

November 26, 2026
Share this post to

തിരുവനന്തപുരം: മദ്യവ്യാപനത്തിന് സഹായകമാവുന്ന നിർദ്ദേശങ്ങളൊന്നും ഇല്ലാതെയാണ് യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം വരുന്നത്. ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കുന്നതടക്കം സുപ്രധാന നിർദ്ദേശങ്ങൾ മദ്യനയത്തിലുണ്ടാവും.

മദ്യനയത്തിന്റെ കരട്  തയ്യാറാക്കിയിട്ടുണ്ട്. യു.ഡി.എഫ് ഉപസമിതി അംഗീകരിച്ച് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ മദ്യനയം വരുമെന്നാണ് അറിയുന്നത്. മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് ശേഷമാവും നയം പ്രഖ്യാപിക്കുക.


മദ്യവ്യാപനത്തിന്റെ തോത് കുറയ്ക്കും വിധമാവും പുതിയനയം. നിലവിൽ 903 ബാറുകൾ, 331 വിദേശ മദ്യചില്ലറ വില്പന ശാലകൾ, 222 ബിയർ, വൈൻ പാർലറുകൾ, 4820 കള്ള് ഷാപ്പുകൾ എന്നിങ്ങനെയാണ് സംസ്ഥാനത്തുള്ളത്.


കള്ള് ഷാപ്പുകളുടെ ദൂരപരിധി പുനർനിർണ്ണയിക്കുന്നതുൾപ്പെടെ ചില വിഷയങ്ങളിൽ അന്തിമതീരുമാനമായിട്ടുണ്ട്. കള്ള് ഷാപ്പുകളുടെ ദൂരപരിധി വിഷയത്തിൽ തത്കാലം മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന.

liquor.1.3471390

എന്നാൽ വിദേശമദ്യത്തിന്റെ സംസ്ഥാനത്തെ മൊത്തവിതരണക്കാരായ ബിവറേജസ് കോർപ്പറേഷൻ പ്രവർത്തനങ്ങൾ സുതാര്യവും കുറ്റമറ്റതുമാക്കാനുള്ള പുതിയ സോഫ്റ്റ് വെയർ സംവിധാനം നടപ്പാക്കും. ബാർലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കാതലായ മാറ്റങ്ങളും നയത്തിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയടക്കം പരിഗണിച്ച് ബാർലൈസൻസ് ഫീസ് വർദ്ധിപ്പിക്കും. പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് എക്‌സൈസ് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നൂറോളം പുതിയ ബാറുകൾ ലൈസൻസ് കാത്തിരിപ്പുണ്ട്.


ബാറുകളുടെ സമയക്രമത്തിൽ പുനഃക്രമീകരണമുൾപ്പെടെ എൽ.ഡി.എഫ് കാലത്തെ മദ്യനയത്തിൽ കാതലായ മാറ്റമുണ്ടാവും. ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെയെന്നതിന് മാറ്റം വന്നേക്കും. 


ബാറുകളുടെ പ്രവർത്തന സമയം രാത്രിയിൽ ഒരു മണിക്കൂർ കുറയ്ക്കാനാണ് ആലോചന. എന്നാൽ ടൂറിസം കേന്ദ്രങ്ങളിലെ ബാറുകൾക്ക് ഇളവുണ്ടാവും. ഫോ‌‌ർ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയാൽ മതിയെന്നും തീരുമാനിച്ചേക്കും.

ഇടത് കാലത്തും ഫോർ സ്റ്റാർ എന്നതായിരുന്നു മാനദണ്ഡമെങ്കിലും, നിലവിൽ ലൈസൻസുള്ള ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ഇളവ് നൽകുകയായിരുന്നു.  

toddy shop

മദ്യമേഖലയിലെ തൊഴിലാളി സംഘടനകൾ, ബാർ, കള്ള് ഷാപ്പ് ലൈസൻസികൾ, മദ്യവിരുദ്ധ, മദ്യവർജ്ജന സംഘടനകൾ, ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ, മത, സാമൂഹിക , സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ചയ്ക്ക് ശേഷമാണ് മദ്യനയത്തിന്റെ കരടുണ്ടാക്കിയത്.


 മദ്യശാലകളുടെ എണ്ണം കൂടുന്നത് പ്രോത്സാഹിപ്പിക്കില്ല. നിലവിലുള്ള ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്ക്കും മാറ്റമുണ്ടാവില്ല. കള്ള് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ദൂരപരിധി വ്യവസ്ഥ പരിഷ്കരിക്കാനും സാദ്ധ്യതയുണ്ട്.


ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്. ഒന്നാം തീയതിയിലെ ഡ്രൈഡെ ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ബാറുടമകളുടെ സംഘടന ഉന്നയിക്കുന്നുണ്ട്. ഇത് സർക്കാർ അംഗീകരിക്കില്ല.

ഡ്രൈഡെകളിൽ നിന്ന് കള്ള് ഷാപ്പുകളെ ഒഴിവാക്കണമെന്ന ഷാപ്പ് ലൈസൻസികളുടെ ആവശ്യവും തത്കാലം പരിഗണിക്കാൻ ഇടയില്ല. കള്ള് ചെത്തുന്നത് ഒരുദിവസവും മുടക്കാനാവില്ലെന്നും ഡ്രൈഡേയിൽ ഉത്പാദിപ്പിക്കുന്ന കള്ള് ഉപയോഗശൂന്യമാവുമെന്നുമാണ് ഷാപ്പ് ഉടമകൾ സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററെന്നത് കുറയ്ക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ത്രീ സ്റ്റാർ , ഫോർ സ്റ്റാർ ബാറുകൾക്ക് 200 മീറ്ററും ഫൈവ് സ്റ്റാർ ബാറുകൾക്ക് 50 മീറ്ററുമാണ് നിലവിലെ ദൂരപരിധി.

Get more updates from Pudukad News on Google