Skip to content
November 27, 2026
⌕

പാക്കിസ്ഥാൻ സന്ദർശനത്തിനിടെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ കടന്നാക്രമണവുമായി ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹമ്മദ്; 1971-ലെ യുദ്ധത്തിൽ ഇന്ത്യ ബംഗാളികളെ സഹായിക്കുകയല്ല, മറിച്ച് പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തതെന്ന് വിവാദ പരാമർശം, ഷെയ്ഖ് ഹസീനയെ വിട്ടുനൽകിയില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്

November 27, 2026
Share this post to

ഡല്‍ഹി: പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും വിവാദ പരാമര്‍ശങ്ങളുമായി ബംഗ്ലാദേശ് പാര്‍ലമെന്റ് സ്പീക്കര്‍ ഹാഫിസ് ഉദ്ദീന്‍ അഹമ്മദ്.

1971-ലെ യുദ്ധത്തില്‍ ഇന്ത്യ ബംഗാളികളെ സഹായിക്കുകയായിരുന്നില്ലെന്നും മറിച്ച് പാക്കിസ്ഥാനെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. 

ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ഡല്‍ഹി-ധാക്ക ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍, ഇസ്ലാമാബാദില്‍ വെച്ച് നടത്തിയ ഈ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായൊരു അധ്യായത്തെ ഇന്ത്യയ്ക്കെതിരായ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.


ബുധനാഴ്ച ഇസ്ലാമാബാദിലെ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം 1971-ലെ യുദ്ധത്തെയും ധാക്കയുടെ പതനത്തെയും കുറിച്ചുള്ള സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. 1971-ല്‍ ഇന്ത്യ ‘ബംഗാളികളെ സഹായിച്ചില്ല, മറിച്ച് പാക്കിസ്ഥാനെ ദുര്‍ബലപ്പെടുത്തി’ എന്ന് അദ്ദേഹം പറഞ്ഞതായി ബിബിസി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തു. 


ഷെയ്ഖ് ഹസീനയുടെ 15 വര്‍ഷത്തെ ഭരണകാലത്ത് ബംഗ്ലാദേശ് ഫലത്തില്‍ ഇന്ത്യയുടെ ഒരു ‘കോളനി’യായി മാറിയിരുന്നെന്നും ഇതിലൂടെ രാജ്യത്തെ ജനങ്ങള്‍ ദുരിതമനുഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു.

1971-ലെ യുദ്ധത്തില്‍ പോരാടുകയും പിന്നീട് ധീരതയ്ക്ക് ബംഗ്ലാദേശില്‍ ആദരിക്കപ്പെടുകയും ചെയ്ത മുന്‍ പാക് സൈനിക ക്യാപ്റ്റന്‍ കൂടിയായ അഹമ്മദ്, യുദ്ധത്തില്‍ ഇന്ത്യ വഹിച്ച പങ്കിനെ ചോദ്യം ചെയ്തു. 1971-ല്‍ ബംഗാളികള്‍ ജനാധിപത്യം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള അവകാശം നിഷേധിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും പാര്‍ലമെന്ററി സംവിധാനങ്ങളെ താരതമ്യം ചെയ്ത അദ്ദേഹം, 1975-ല്‍ ബംഗ്ലാദേശ് ഏകകക്ഷി ഭരണം നടപ്പാക്കിയെന്നും രാജ്യത്ത് യഥാര്‍ത്ഥ ജനാധിപത്യം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ 2026 ഫെബ്രുവരിയില്‍ നടന്ന ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു.


2024 ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ശേഷം ഇന്ത്യയില്‍ തുടരുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെയും സ്പീക്കര്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാല്‍ ഹസീനയെ നേരിട്ട് ജയിലിലേക്ക് അയക്കുമെന്ന് അഹമ്മദ് പറഞ്ഞു. 


തിരിച്ചുവരുമെന്ന ഹസീനയുടെ പ്രസ്താവനകള്‍ അനുയായികളെ ആശ്വസിപ്പിക്കാന്‍ മാത്രമുള്ളതാണെന്നും അടുത്ത 10 വര്‍ഷത്തേക്കെങ്കിലും അവര്‍ മടങ്ങിവരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലീങ്ങളോട് ശത്രുത പുലര്‍ത്തുന്ന ഒരു രാജ്യത്താണ് ഹസീന അഭയം തേടിയതെന്നും അദ്ദേഹം ആരോപിച്ചു.

ഹസീനയെ കൈമാറണമെന്ന് ധാക്ക ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസീനയെ വിട്ടുനല്‍കാന്‍ ന്യൂഡല്‍ഹി വിസമ്മതിച്ചാല്‍ ബംഗ്ലാദേശിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാമെന്നും അഹമ്മദ് പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു നീക്കത്തിന്റെ നിയമപരമായ അടിസ്ഥാനം അദ്ദേഹം വ്യക്തമാക്കിയില്ല. കൈമാറ്റം ചെയ്യാനുള്ള അപേക്ഷ നിലവിലുള്ള നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.


ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ ‘ഭീകരവാദ പാര്‍ട്ടി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടും ബംഗ്ലാദേശ് സ്പീക്കര്‍ കടന്നാക്രമിച്ചു. 2024 ഓഗസ്റ്റില്‍ ഹസീന സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രക്ഷുബ്ധതകളുടെ കേന്ദ്രബിന്ദുവാണ് അവാമി ലീഗ്.


ഇടക്കാല ഭരണകൂടം അവാമി ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും 2026 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

ബംഗ്ലാദേശികള്‍ ഏകാധിപത്യത്തെ തള്ളിക്കളഞ്ഞെന്നും ജനാധിപത്യം ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെട്ട അഹമ്മദ്, രാജ്യത്തുണ്ടായ സമീപകാല പ്രക്ഷോഭങ്ങളെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് വിശേഷിപ്പിച്ചത്.

കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ ദീര്‍ഘകാല നിലപാടിനെ പിന്തുണച്ച അദ്ദേഹം, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കനുസൃതമായി തര്‍ക്കം പരിഹരിക്കണമെന്നും പറഞ്ഞു.

ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ബംഗ്ലാദേശ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന് പാക്കിസ്ഥാനെ പ്രശംസിച്ച അദ്ദേഹം, ധാക്കയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദം എടുത്തുകാണിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഫുട്‌ബോള്‍ മൈതാനത്തേക്കും നീണ്ടു. 2026 നവംബര്‍ 17-ന് ധാക്കയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ സമാപിച്ച സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ 2-1ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ മത്സരത്തില്‍, സ്റ്റേഡിയത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും പാക്കിസ്ഥാന്‍ ടീമിനെയാണ് പിന്തുണച്ചതെന്ന് മറ്റൊരു ചടങ്ങില്‍ അഹമ്മദ് പറഞ്ഞു.


‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ധാക്ക സ്റ്റേഡിയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഫുട്‌ബോള്‍ ഫൈനല്‍ നടന്നു. സ്റ്റേഡിയം മുഴുവന്‍ പാക്കിസ്ഥാനെയാണ് പിന്തുണച്ചത്. 99.9 ശതമാനം പേരും മത്സരത്തിലുടനീളം അവര്‍ക്കായി കൈയടിച്ചു. നിര്‍ഭാഗ്യവശാല്‍ അവര്‍ തോറ്റു. പക്ഷേ അവര്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി,’ അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ അഹമ്മദ് 1968-ല്‍ പാക്കിസ്ഥാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖിന്റെ ക്ഷണപ്രകാരം നവംബര്‍ 23 മുതല്‍ 29 വരെ പാക്കിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് അദ്ദേഹം. 

 

Get more updates from Pudukad News on Google