Skip to content
November 28, 2026
⌕

എഥനോൾ കലർന്ന ഇന്ധന പരിശോധനയുടെ പേരിൽ ഏതെങ്കിലും പമ്പുകൾക്കെതിരെ നടപടിയുണ്ടായാൽ കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഉടമകൾ. അമിത എഥനോൾ വിവാദം വാഹന ഉടമകളിൽ ആശങ്കയുണ്ടാക്കിയെന്നും ഇത് പമ്പ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും എ.കെ.എഫ്.പി.ടി ഭാരവാഹികൾ. പരിശോധനാഫലം വൈകുന്നതിലും പൊതുമേഖലാ പമ്പുകളിൽ നിന്ന് മാത്രം സാമ്പിൾ ശേഖരിച്ച നടപടിയിലും വിമർശനം

November 27, 2026
Share this post to

കൊച്ചി: എഥനോൾ കലർന്ന ഇന്ധന പരിശോധനയുടെ പേരിൽ ഏതെങ്കിലും പമ്പുകൾക്കെതിരെ നടപടിയെടുത്താൽ സംസ്ഥാനത്തെ മുഴുവൻ പമ്പുകളും പൂട്ടിയിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ.കെ.എഫ്.പി.ടി) മുന്നറിയിപ്പ് നൽകി. 

അമിത അളവിൽ എഥനോൾ കലർന്ന പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വാഹന ഉടമകളിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ടെന്നും, ഇത് പമ്പ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയതായും ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമിത എഥനോൾ ആരോപണത്തെത്തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പത്ത് ദിവസത്തിനകം പരിശോധനാഫലം പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. 

താരതമ്യ പഠനത്തിനായി എഥനോൾ കലരാത്ത ശുദ്ധപെട്രോൾ നൽകണമെന്ന സർക്കാരിന്റെ ആവശ്യം എണ്ണക്കമ്പനികൾ അംഗീകരിക്കാത്തതാണ് ഫലം വൈകാൻ കാരണമെന്നാണ് സർക്കാർ വിശദീകരണം. 

റിഫൈനറികളിൽ നിന്ന് നൽകുന്നത് ശുദ്ധപെട്രോളാണെന്ന് കേന്ദ്രമന്ത്രി പറയുമ്പോൾ, പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ എണ്ണക്കമ്പനികൾ മടിക്കുന്നത് എന്തിനാണെന്ന് എ.കെ.എഫ്.പി.ടി പ്രസിഡന്റ് ടോമി തോമസും സെക്രട്ടറി സഹ അഷ്‌റഫും ചോദിച്ചു.

സർക്കാർ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ നിന്ന് മാത്രമാണ്. നയാരാ, ജിയോ ബി.പി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പുകളിൽ നിന്നോ, പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട് നടത്തുന്ന പമ്പുകളിൽ നിന്നോ, സപ്ലൈകോ പമ്പുകളിൽ നിന്നോ സാമ്പിളുകൾ ശേഖരിച്ചിട്ടില്ല. ഈ വിവേചനം മറ്റ് പമ്പ് ഉടമകളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

സ്വകാര്യ കമ്പനികളുടെ പമ്പുകളിൽ പെട്രോളിന് അഞ്ച് രൂപ വരെ കൂടുതലാണെങ്കിലും, അവിടെ എഥനോൾ അളവ് കുറവാണെന്ന ധാരണയിൽ വാഹന ഉടമകൾ അവിടേക്ക് തിരിയുകയാണ്. ഇതുമൂലം പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

പൊതുമേഖലാ എണ്ണക്കമ്പനികളെ തകർക്കാനുള്ള ആസൂത്രിത നീക്കമാണോ ഈ വിവാദങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.

Get more updates from Pudukad News on Google