Skip to content
November 29, 2026
⌕

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

November 28, 2026
Share this post to

 ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്‍റെ സംശയമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ ക‍ൃഷ്ണ സംശയിച്ചിരുന്നു. 

വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആയത് സംശയം കൂട്ടി. വ്യാഴാഴ്ച ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോൾ വന്നു. ഇതേ ചൊല്ലി രാത്രി ഇരുവരും വഴക്കിട്ടു. 

അടുത്ത ദിവസവും തുടർന്ന വഴക്കിനൊടുവിലായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം കത്തിയുമായി രക്ഷപ്പെടാൻ ഗോകുൽ കൃഷ്ണ ശ്രമിച്ചു. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു.


ഇന്നലെ ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒ.ടി.സി റോഡിലുള്ള റീജൻസി ഇൻ ലോഡ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയാണ് കൊല്ലപ്പെട്ടത്. 


സംഭവത്തിൽ 23കാരനായ ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിൽ ഇന്നലെ എത്തിയതായിരുന്നു ഗംഗയും ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയും.

രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറിന് കുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടൂർ സ്വദേശിനിയാണ് കൊല്ലപ്പെട്ട 22കാരിയായ ഗംഗ. 


നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചുവരികയായിരുന്നു. ബെംഗളൂരു നെലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിലെ പഠനത്തിനിടയിലാണ് ഗംഗ ഗോകുൽ കൃഷ്ണയുമായി അടുപ്പത്തിലാകുന്നത്.


ഗോകുൽ കൃഷ്ണയുടെ ജൂനിയറായിരുന്നു ഗംഗ. നഴ്സിംഗ് പ്രവേശനം ലഭ്യമാക്കാനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി ലഭ്യമാക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നയാളായിരുന്നു ഗോകുൽ. 

കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ ദിവസവം ലോഡ്ജിന് സമീപം റോഡരികിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പിരസരവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

ലോഡ്ജിലേക്ക് വരുമ്പോൾ തന്നെ ഗോകുൽ കൃഷ്ണ കത്തി കൈവശം കരുതിയിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. വിശദമായ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

Get more updates from Pudukad News on Google