Skip to content
November 29, 2026
⌕

26 ലക്ഷം രൂപയുടെ എച്ച്.ഐ.വി പ്രതിരോധ മരുന്ന് ഇനി വെറും 3,700 രൂപയ്ക്ക്. കുറഞ്ഞ വിലയിൽ ജനറിക് പതിപ്പ് നിർമ്മിച്ച് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യൻ കമ്പനിയായ ഹെറ്റെറോ. വർഷത്തിൽ രണ്ട് തവണ മാത്രം ഇഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന ‘ലെനാകാപവിർ’ മരുന്നിന്റെ ആദ്യഘട്ട കയറ്റുമതി സാംബിയ, ഉഗാണ്ട, സിംബാബ്‌വെ രാജ്യങ്ങളിലേക്ക്

November 28, 2026
Share this post to

ഹൈദരാബാദ്: ആഫ്രിക്കയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് കുറഞ്ഞ ചെലവിൽ എച്ച്.ഐ.വി പ്രതിരോധ മരുന്ന് ലഭ്യമാക്കി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹെറ്റെറോ (Hetero). 

യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലിയാഡ് സയൻസസ് 28,000 ഡോളറിന് (ഏകദേശം 26,04,000 രൂപ) വിൽക്കുന്ന ‘ലെനാകാപവിർ’ (Lenacapavir) എന്ന മരുന്നിന്റെ വിലകുറഞ്ഞ ജനറിക് പതിപ്പാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

പുതിയ ജനറിക് മരുന്നിന് ഒരാൾക്ക് ഒരു വർഷത്തേക്ക് ഏകദേശം 40 യുഎസ് ഡോളർ (ഏകദേശം 3,720 രൂപ) മാത്രമാണ് വിലവരിക. സാംബിയ, ഉഗാണ്ട, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ മരുന്ന് അയക്കുന്നത്. 

ഇടത്തരവും ദരിദ്രവുമായ 120 രാജ്യങ്ങളിൽ മരുന്ന് നിർമ്മിച്ച് വിൽക്കുന്നതിനായി ഹെറ്റെറോ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങി ആറ് ജനറിക് മരുന്ന് കമ്പനികൾക്ക് 2024 ഒക്ടോബറിൽ ഗിലിയാഡ് റോയൽറ്റി രഹിത ലൈസൻസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെറ്റെറോ കുറഞ്ഞ വിലയിൽ മരുന്ന് വിപണിയിലെത്തിക്കുന്നത്.

ദിവസവും ഗുളിക കഴിക്കുന്നതിന് പകരം, ഓരോ ആറുമാസം കൂടുമ്പോഴും ഇഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന ദീർഘകാല പ്രതിരോധ മരുന്നാണ് ലെനാകാപവിർ. വർഷത്തിൽ രണ്ട് ഡോസുകളായാണ് ഇത് നൽകുന്നത്. നേരത്തെ ഒരു വർഷത്തേക്ക് 26 ലക്ഷം രൂപയോളം ചെലവ് വന്നിരുന്ന ചികിത്സയാണ് ഇതോടെ വെറും 3,700 രൂപയിലേക്ക് ചുരുങ്ങുന്നത്.

യുഎൻ എയ്ഡ്‌സിന്റെ (UNAIDS) 2026-ലെ ആഗോള റിപ്പോർട്ട് പ്രകാരം 2025-ൽ കിഴക്കൻ, തെക്കൻ ആഫ്രിക്കയിൽ ഏകദേശം 2.11 കോടി ആളുകളും, പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ 52 ലക്ഷം ആളുകളും എച്ച്.ഐ.വി ബാധിതരാണ്. 

രോഗവ്യാപനം രൂക്ഷമായ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പുതിയ അണുബാധകൾ തടയാൻ ഇന്ത്യൻ കമ്പനിയുടെ ഈ നീക്കം നിർണായകമാകും.

Get more updates from Pudukad News on Google