Skip to content
November 29, 2026
⌕

19 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിജയം: മീരാ-ഭയന്ദറിലെ ഭൂമി തർക്കത്തിൽ പ്രധാനമന്ത്രി മോദിയുടെ മുൻ സഹപാഠി അസ്ഗർ അലി വോറയ്ക്ക് അനുകൂല ഉത്തരവ്; മുഴുവൻ ഭൂമിയുടെയും നിയമപരമായ ഉടമയായി രേഖകളിൽ പേര് ചേർത്തു

November 29, 2026
Share this post to

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ സഹപാഠിയായ അസ്ഗര്‍ അലി വോറയുടെ 19 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ പരിഹാരമായി.

മഹാരാഷ്ട്രയിലെ മീരാ-ഭയന്ദറിലുള്ള തന്റെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയായ 7/12 രേഖയില്‍ അദ്ദേഹത്തിന്റെ പേര് റവന്യൂ വകുപ്പ് ഔദ്യോഗികമായി പുനഃസ്ഥാപിച്ചു. 

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൂന്ന് മാസത്തിനുള്ളിലാണ് 81-കാരനായ അസ്ഗര്‍ അലിക്ക് അനുകൂലമായ ഈ നിര്‍ണ്ണായക നടപടിയുണ്ടായത്. 1989-ല്‍ ദാവൂദ് വോറയ്‌ക്കൊപ്പം ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കരാറിലൂടെയാണ് അദ്ദേഹം 2,810 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ഭൂമി വാങ്ങിയത്. 2007-ല്‍ ഇരുവരുടെയും പേരുകള്‍ ഭൂരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 


എന്നാല്‍, യഥാര്‍ത്ഥ ഭൂവുടമയായ പോള്‍ ആന്റണി ഫെര്‍ണാണ്ടസിന്റെ നിയമപരമായ അവകാശികളിലൊരാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അതേ വര്‍ഷം തന്നെ അധികൃതര്‍ വോറമാരുടെ പേരുകള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തു.


1989-ലെ കരാറില്‍ പോള്‍ ആന്റണി തന്നെ ഒപ്പുവെച്ചിരുന്നെങ്കിലും, രേഖകള്‍ റദ്ദാക്കിയത് ഭൂമിയില്‍ നിരവധി വ്യാജ അവകാശവാദങ്ങള്‍ക്കും ഇടപാടുകള്‍ക്കും വഴിയൊരുക്കി.

2014-ല്‍ മെര്‍വിന്‍ ജോസഫ് ഫെര്‍ണാണ്ടസ് എന്നയാള്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പോള്‍ ആന്റണിയുടെ അവകാശിയാണെന്ന് അവകാശപ്പെടുകയും സ്വത്തിന്റെ 50 ശതമാനത്തില്‍ തന്റെ പേര് ചേര്‍ക്കുകയും ചെയ്തു. ബാക്കിയുള്ള 50 ശതമാനം ഓഹരി 2011-ല്‍ സ്വയം ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം പവര്‍ ഓഫ് അറ്റോര്‍ണി വഴി വാങ്ങിയിരുന്നു. 

ഈ രേഖയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും അത് മറ്റൊരു സര്‍വേ നമ്പറുമായി ബന്ധപ്പെട്ടതാണെന്നും അസ്ഗര്‍ അലി ആരോപിച്ചതിനെ തുടര്‍ന്ന് 2015-ല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2019-ല്‍ തര്‍ക്കഭൂമിയുടെ ഒരു ഭാഗം ബി.ജെ.പി എം.എല്‍.എ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള സെവന്‍ ഇലവന്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി വാങ്ങി. എന്നാല്‍ അസ്ഗര്‍ അലിയുടെ പരാതികളെ തുടര്‍ന്ന് മീരാ-ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണ അനുമതികള്‍ റദ്ദാക്കിയിരുന്നു.


വര്‍ഷങ്ങളോളം ഉദ്യോഗസ്ഥരെയും കോടതിയെയും രാഷ്ട്രീയ നേതാക്കളെയും സമീപിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെ, ഗുജറാത്തിലെ വട്‌നഗറിലുള്ള ബി.എന്‍ സ്‌കൂളില്‍ മോദിക്കൊപ്പം പഠിച്ചിരുന്ന അസ്ഗര്‍ അലി ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടിന് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് തന്റെ ദുരവസ്ഥ അറിയിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. 


മേത്തയുമായി ബന്ധമുള്ള ബില്‍ഡര്‍മാര്‍ തന്റെ ഭൂമി കൈയേറിയതായും അദ്ദേഹം പരാതിപ്പെട്ടു. കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തര്‍ക്കഭൂമിയിലുള്ള കൈവശാവകാശം ഉപേക്ഷിക്കുകയാണെന്നും വയോധികനെതിരായ പോലീസ് പരാതി പിന്‍വലിക്കുകയാണെന്നും ബി.ജെ.പി എം.എല്‍.എ പ്രഖ്യാപിച്ചു. 

തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണ അനുമതിയും അനുബന്ധ വികസന അവകാശങ്ങളും (ടി.ഡി.ആര്‍) റദ്ദാക്കി. പോള്‍ ആന്റണി ഫെര്‍ണാണ്ടസ് തന്റെ പിതൃസഹോദരനല്ലെന്നും തര്‍ക്കഭൂമിയെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിവില്ലായിരുന്നുവെന്നും മറ്റുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മെര്‍വിന്‍ ഫെര്‍ണാണ്ടസും പോലീസിന് മൊഴി നല്‍കി.


പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് (സി.എം.ഒ) വിഷയത്തില്‍ ഇടപെടുകയും ഭൂരേഖയില്‍ അസ്ഗര്‍ അലിയുടെ പേര് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിക്കുകയും ചെയ്തു. സ്വയം ബില്‍ഡേഴ്‌സും മുകേഷ് പരേഖും നല്‍കിയ എതിര്‍പ്പുകളില്‍ ഒക്ടോബര്‍ 13-നും നവംബര്‍ 19-നും ഇടയില്‍ പത്ത് തവണ വാദം കേട്ടു. 


1989-ല്‍ അസ്ഗര്‍ അലിക്ക് അനുകൂലമായി രജിസ്റ്റര്‍ ചെയ്ത ആധാരം ഒരു കോടതിയും റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ അത് നിയമപരമായി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് നവംബര്‍ 25-ന് അഡീഷണല്‍ തഹസില്‍ദാര്‍ 27 പേജുള്ള ഉത്തരവിലൂടെ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം നവംബര്‍ 27 വെള്ളിയാഴ്ച റവന്യൂ വകുപ്പ് മ്യൂട്ടേഷന്‍ നടപടികള്‍ക്ക് അംഗീകാരം നല്‍കുകയും, സാത്ബാര ഭൂരേഖയില്‍ മുഴുവന്‍ ഭൂമിയുടെയും നിയമപരമായ കൈവശക്കാരനായി അസ്ഗര്‍ അലിയുടെ പേര് പുനഃസ്ഥാപിക്കുകയും ചെയ്തു.

 

Get more updates from Pudukad News on Google