ഇരിങ്ങാലക്കുട : ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി ഗോകുലം എഫ്സി.
തുടർച്ചയായ ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞ ആവേശകരമായ പോരാട്ടമായിരുന്നു ഫൈനലിൽ നടന്നത്.
ഗോകുലം എഫ്സി വേഗതയും സാങ്കേതിക മികവും ആവേശവും പ്രകടിപ്പിച്ചപ്പോൾ അനുഭവസമ്പത്തും ശാരീരികശേഷിയും ഉള്ള കേരള പൊലീസ് ടീമും ശാസ്ത്രീയമായ കളിയും തന്ത്രപരമായ പക്വതയും പ്രകടിപ്പിച്ചു.
ഇരു ടീമുകളുടെയും വ്യത്യസ്തമായ കളിശൈലികൾ ഫുട്ബോൾ പ്രേമികൾക്ക് ഏറെ ആസ്വാദ്യകരമായി.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഗോകുലം എഫ്സി ആദ്യ ഗോൾ നേടി മുൻതൂക്കം സ്വന്തമാക്കി. തുടർന്ന് രണ്ടാം ഗോൾ കൂടി നേടി.
ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ കേരള പൊലീസ് ഒരു ഗോൾ തിരിച്ചടിച്ച് സ്കോർ 2–1 ആയി കുറച്ചു.
രണ്ടാം പകുതിയിലും ശക്തമായ മത്സരമാണ് നടന്നത്.
ഇരുടീമുകളും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. കടുത്ത പോരാട്ടത്തിന് ശേഷം ഗോകുലം എഫ്സി വിജയിച്ച് ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിന്റെ കിരീടം സ്വന്തമാക്കി.
മികച്ച ഗോൾകീപ്പറായി ജി. കെ. ബിഷോർജിത് (ഗോകുലം എഫ്സി), മികച്ച പ്രതിരോധ താരമായി അതുൽ കൃഷ്ണ (ഗോകുലം എഫ്സി), മികച്ച മിഡ്ഫീൽഡറായി ജംഷീദ് (കേരള പൊലീസ്), മികച്ച ഫോർവേഡറായി ബാബിൾ (കേരള പൊലീസ്), ടൂർണമെന്റിലെ മികച്ച താരമായി മോസസ് (ഗോകുലം എഫ്സി), ഫൈനലിലെ ആദ്യ ഗോൾ നേടിയ അക്ഷുമ്മ (ഗോകുലം എഫ്സി), മികച്ച ടീം ആയി പി.എഫ്.സി. കേരള
എന്നിവിരെയും തെരഞ്ഞെടുത്തു.


