ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കേച്ചേരി സ്വദേശി പരപ്പുപറമ്പിൽ വീട്ടിൽ ദയാൽ (30) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.
മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കാവുന്ന നിയമമാണ് പിറ്റ് എൻ.ഡി.പി.എസ്. നിയമം.
ദയാൽ 2022ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരക രാസലഹരിയായ 496 ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായ കേസ്സിലും, 2024ൽ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും, 2025ൽ കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ വെച്ച് മാരക രാസലഹരിയായ 13.5 ഹാഷിഷ് ഓയിലും 4700 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുമായും അറസ്റ്റിലായ കേസിലും അടക്കം മൂന്ന് മയക്കുമരുന്ന് കേസ്സിലും ഗുരുവായൂർ, കുന്നംകുളം സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസ്സിലും ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ മാരായ കെ. സാലിം, മനു ചെറിയാൻ, ജി.എസ്.സി.പി.ഒ. ജിജോ ജോസഫ്, സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ജിനീഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിലും നടപടികൾ പൂർത്തീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.


