ഇരിങ്ങാലക്കുട : ഭാര്യയെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് (38) എന്നയാളെ എറണാകുളം കലൂരിൽ നിന്നും തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
2025 നവംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലീം പള്ളിക്ക് സമിപം ടൂവീലറിൽ പോകുകയായിരുന്ന യുവതിയെ കാർ കുറുകെയിട്ട് തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഭയന്ന് വണ്ടിയെടുത്ത് മുന്നോട്ട് പോയ യുവതിയുടെ സ്കൂട്ടറിൽ കാറിടിപ്പിക്കുകയുമായിരുന്നു.
ഡെനീഷ് സ്വർണ്ണം പണയം വെച്ചത് തിരികെ എടുത്ത് കൊടുക്കാത്തതിനെ തുടർന്ന് ഡെനീഷിന്റെ ഭാര്യ ആളൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.
ഡെനീഷ് ചാലക്കുടി സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും, അങ്കമാലി സ്റ്റേഷൻ പരിധിയിൽ 2345 ലിറ്റർ സ്പിരിറ്റും 954 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും സഹിതം അറസ്റ്റിലായ കേസിലും ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി. ഷാജിമോൻ, എസ്ഐ കെ.ടി. ബെന്നി, എസ്ഐ ജയകുമാർ, ജി.എസ്.സി.പി.ഒ. രാഗേഷ്, സിപിഒ-മാരായ ഹരികൃഷ്ണൻ, ആഷിക്, വിശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


