ഇരിങ്ങാലക്കുട : “മാലിന്യമുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി പടിയൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എച്ച്.ഡി.പി. സമാജം സ്കൂൾ വിദ്യാർഥികളും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഹരിത കർമ്മസേനാംഗങ്ങളുമായി ചേർന്ന് ജനകീയ മാലിന്യമുക്ത അവബോധ ക്യാമ്പയിൻ നടത്തി.
എടതിരിഞ്ഞി മുതൽ വളവനങ്ങാടി വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിൻ്റെ എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ഷീജ ജോയ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. ഹജീഷ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മെമ്പർമാർ, എച്ച്.ഡി.പി. സമാജം ഭരണസമിതി അംഗങ്ങൾ, അധ്യാപകർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സോണിയ ടി. ജോണി എന്നിവർ ക്യാമ്പയിനിൽ പങ്കെടുത്തു.


