PUDUKAD-NEWS-PUTHUKAD-NEWS

ആറാട്ടുപുഴ ശാസ്താവിന് പഴുക്കാമണ്ഡപം സമർപ്പിച്ചു

ഇരിങ്ങാലക്കുട : തിരുവാതിര വിളക്കിനും തറക്കൽ പൂരത്തിനും ശേഷം ആറാട്ടുപുഴ ശാസ്താവിനെ ഇറക്കി എഴുന്നെള്ളിക്കുന്നതിന് വേണ്ടി വരിക്കപ്ലാവിൻ്റെ കാതലിൽ മനോഹരമായി നിർമ്മിച്ച പഴുക്കാമണ്ഡപം ആറാട്ടുപുഴ ശാസ്താവിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ സമർപ്പിച്ചു.

ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്ന സമർപ്പണത്തിൽ പെരുവനം കുട്ടൻമാരാർ ഭദ്രദീപം കൊളുത്തി.

കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, മുല്ലപ്പിള്ളി ഗോപിനാഥൻ, ക്ഷേത്രം തന്ത്രി കുടുംബാംഗം കെ.പി. ശങ്കരൻ ഭട്ടതിരിപ്പാട്, പെരുവനം- ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, പെരുവനം സതീശൻ മാരാർ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ, ശില്പി ശ്രീകുമാർ ശ്രീധരൻ, ക്ഷേത്രം ഊരാളന്മാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, പങ്കാളി ക്ഷേത്ര പ്രതിനിധികൾ, ദേശക്കാർ, ഭക്തർ, പൂരാസ്വാദകർ തുടങ്ങിയവർ പങ്കെടുത്തു.

പഴുക്കാമണ്ഡപത്തിൻ്റെ മുഴുവൻ ചെലവും സമർപ്പിച്ച മുല്ലപ്പിള്ളി ഗോപിനാഥനേയും ശില്പി ശ്രീകുമാർ ശ്രീധരനേയും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ പൊന്നാടയും ഉപഹാരവും സമ്മാനിച്ച് ആദരിച്ചു.

67 ഇഞ്ച് ഉയരത്തിലും 30 ഇഞ്ച് വീതിയിലും ഉള്ള പഴുക്കാമണ്ഡപത്തിൽ ശ്രീകോവിലിൻ്റെ മാതൃകയിൽ ഉത്തരം, കഴുക്കോൽ, കോടി, മുഖപ്പ് എന്നിവയോടെ മേൽക്കൂര തീർത്ത് താഴികക്കുടം വെച്ചിട്ടുണ്ട്. ദ്വാരപാലകർ, സോപാനം, പക്ഷിമാല, ഗജമാല, മറ്റ് അലങ്കാരങ്ങൾ എന്നിവയുണ്ട്.

ശാസ്താവിൻ്റെ തിടമ്പ് ഇറക്കി എഴുന്നെള്ളിക്കാനുള്ള പ്രത്യേക പീഠവും നാല് തൂണുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്. കൊത്തുപണികളെ കൊണ്ട് സമ്പന്നമാണ് പഴുക്കാമണ്ഡപം.

ആറാട്ടുപുഴ സ്വദേശിയും ശില്പിയുമായ ആറാട്ടുപുഴ വീട്ടിൽ ശ്രീകുമാർ ശ്രീധരൻ്റെ നേതൃത്വത്തിലാണ് പഴുക്കാമണ്ഡപം രൂപകല്പന ചെയ്ത് നിർമ്മാണം പൂർത്തികരിച്ചത്.

See also  19-05-2026 NEWS

ആറാട്ടുപുഴ മുല്ലപ്പിള്ളി പാർവ്വതി അമ്മയുടെയും ചുള്ളിപ്പറമ്പിൽ നാരായണൻ നായരുടേയും സ്മരണാർത്ഥം മകൻ ഗോപിനാഥനാണ് പഴുക്കാമണ്ഡപത്തിൻ്റെ മുഴുവൻ ചെലവും സമർപ്പിച്ചത്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top