PUDUKAD-NEWS-PUTHUKAD-NEWS

ബൈപ്പാസ് റോഡിൻ്റെ നിർമ്മാണ കരാറായി; 1160 മീറ്റർ ദൂരം നവീകരിക്കുന്നത് 5 കോടി രൂപ ചിലവഴിച്ച്

ബൈപ്പാസ് റോഡിൻ്റെ നിർമ്മാണ കരാറായി; 1160 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നത് അഞ്ച് കോടി രൂപ ചിലവഴിച്ച്

 

ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ തുടക്കമാകുന്നു. ബൈ പാസ് റോഡിൻ്റെ നവീകരണത്തിന് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടർ നടപടികൾക്ക് ശേഷം ഇരിങ്ങാലക്കുട സ്വദേശി ചെമ്പോട്ടി ബിജോയിയാണ് നിർമ്മാണ കരാർ എറ്റെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തുമായിട്ടാണ് നിർമ്മാണ കരാർ. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം മേൽനോട്ടം വഹിക്കും.1160 മീറ്റർ ദൂരം ബിഎംബിസി നിലവാര ത്തിലാണ് പുനർനിർമ്മിക്കുക. ഡ്രൈനേജും ഫുട്പാത്തും കൈവരികളും നിർമ്മാണ പദ്ധതിയിലുണ്ട്. കുണ്ടും കുഴികളും വെള്ളക്കെട്ടുമായി കിടന്നിരുന്ന റോഡ് കഴിഞ്ഞ വർഷങ്ങളിൽ യാത്രക്കാർക്ക് ദുരിതയാത്രയാണ് സമ്മാനിച്ചിരുന്നത്. അപകടരമായ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റ സംഭവങ്ങളുമുണ്ടായി . നഗരസഭ ഭരണകൂടത്തെ നിശിതമായി പരിഹസിച്ച് കൊണ്ട് റോഡിൻ്റെ കാഴ്ചകളുമായി ട്രോളൻമാരും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മഴവെള്ളം നിറഞ്ഞു നിന്ന കുഴികളിൽ വഞ്ചിയിറക്കി കൊണ്ടുള്ള സമരങ്ങളും അരങ്ങേറിയിരുന്നു. ഒടുവിൽ തീരെ തകർന്ന് കിടന്നിരുന്ന 161 മീറ്റർ ദൂരം 27 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ അധികൃതർ ടൈൽ വിരിച്ചിരുന്നു. പ്രസ്തുത ഭാഗം ഒഴിച്ചുള്ള 1160 മീറ്റർ നീളമുള്ള റോഡാണ് നവീകരിക്കുന്നത്. എട്ടേമുക്കാൽ മീറ്ററാണ് വീതി കണക്കാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കാനനിർമ്മാണവും അനുബന്ധ പ്രവ്യത്തികളും ആരംഭിക്കും.മഴ മാറുകയും യുദ്ധത്തെ തുടർന്ന് ടാറിൻ്റെ വിലയിൽ ഉണ്ടായ വർധന കുറയുകയും ചെയ്യുന്നതോടെ മാത്രമേ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളുവെന്ന് വ്യക്തമായിട്ടുണ്ട്. ബൈപ്പാസ് റോഡ് ” രാജപാത ” ആക്കി മാറ്റുമെന്നാണ് പുതിയ നഗരസഭ ഭരണസമിതി ഉറപ്പ് നൽകിയിരുന്നത് . പതിനൊന്ന് മാസമാണ് നിർമ്മാണ കാലാവധി നൽകിയിരിക്കുന്നത്.

See also  ആദരണീയം നടത്തി
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top