ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെ തടയാൻ പോലീസും ചിലരും ശ്രമിച്ച നടപടി നിർഭാഗ്യകരമെന്ന് നഗരസഭ മുൻ ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ് ; മാധ്യമപ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസും ദിവസക്കൂലിക്കാരും തിരിഞ്ഞത് പാർട്ടി നേതൃത്വത്തിന് വലിയ അപമാനം സൃഷ്ടിച്ചതായും ഇത്തരം നിലപാടുകൾ ഉപേക്ഷിച്ച് നിക്ഷേപകരുടെ കണ്ണീരൊപ്പാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും വിമർശനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസിൽ എത്തിയ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെ തടയാൻ പോലീസും മറ്റ് ചിലരും ശ്രമിച്ച നടപടി നിർഭാഗ്യകരമെന്നും കഷ്ടപെട്ട് പണം സമ്പാദിച്ച സാധാരണക്കാരെ ആശ്വസിപ്പിക്കേണ്ട രാഷ്‌ട്രീയ നേതൃത്യങ്ങൾ പിരിച്ച് വിട്ട താത്കാലിക ജീവനക്കാരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഉപയോഗിച്ച് നിക്ഷേപകരെ അധിക്ഷേപിച്ചത് കോൺഗ്രസ് പാർട്ടിയുടെ ജനകീയ പ്രതിഛായയ്ക്ക് ഭംഗം വരുത്തിയതായും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ് . സമൂഹമാധ്യമത്തിലൂടെയാണ് സ്വാതന്ത്ര്യദിനത്തിൽ പട്ടണത്തിൽ അരങ്ങേറിയ സംഭവങ്ങളിൽ മുൻചെയർപേഴ്സൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിക്ഷേപകരുടെ മുദ്രാവാക്യങ്ങൾ ബാങ്കിൻ്റെ പഴയ ഭരണ സമിതിക്കും പ്രാദേശിക നേതൃത്വത്തിനും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും പണം നഷ്ടപ്പെട്ടവരുടെ നെഞ്ച് പൊട്ടിയുള്ള വേദനയാണെന്ന് കോൺഗ്രസ് തിരിച്ചറിയണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ദിവസക്കൂലിക്കാരും ചേർന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ തിരിഞ്ഞതും പാർട്ടി നേതൃത്വത്തിന് വലിയ അപമാനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം നിലപാടുകൾ അവസാനിപ്പിച്ച് സാധാരണക്കാരായ നിക്ഷേപകരുടെ കണ്ണീർ ഒപ്പാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട്, ജില്ലാ ആസൂത്രണ സമിതി അംഗം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ജനശ്രീ നിയോജകമണ്ഡലം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച മുൻചെയർപേഴ്‌സൻ ആവശ്യപ്പെട്ടിട്ടുണ്ട്.



