ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സംഘടിത വിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ആൽത്തറയ്ക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.
വെള്ളാപ്പള്ളി നടേശൻ വിളിച്ചു പറയുന്ന സമൂഹസത്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തെ വർഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ യോഗം പ്രവർത്തകർ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ, എസ്.എൻ.ഡി.പി. വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് യോഗം ഡയറക്ടർ സി.കെ. യുധി, യൂണിയൻ വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, നമിത, യൂണിയൻ കൗൺസിലർമാരായ അനിഷ് പൂവ്വത്തുംകടവിൽ, എൻ.ബി. ബിജോയ്, സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.


